സഭാ തര്‍ക്ക പരിഹാരത്തിന് തിരഞ്ഞെടുപ്പ് സമ്മര്‍ദവുമായി യാക്കോബായ സഭ. രാഷ്ട്രീയ തീരുമാനങ്ങളെടുക്കുമെന്ന് വ്യക്തമാക്കിയ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പത്ത് മണ്ഡലങ്ങളിലെ നിലപാട് നിര്‍ണായകമാകുമെന്നും കൂട്ടിച്ചേര്‍ത്തു. സഭയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്നാണ് നിലപാട്.

കണക്കുകള്‍ എണ്ണിപ്പറഞ്ഞുള്ള ഈ അവകാശവാദത്തിലൂടെ വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് യാക്കോബായ സഭ മുന്നോട്ടുവയ്ക്കുന്നത്. സഭാ തര്‍ക്ക പരിഹാരത്തിനായി തിരഞ്ഞെടുപ്പ് എന്ന സാധ്യത ഉപയോഗപ്പെടുത്താനാണ് സഭയുടെ തീരുമാനം. ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ല.

പക്ഷേ സാഹചര്യം വിലയിരുത്തിയശേഷം രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഇടത് സര്‍ക്കാരിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് പൂര്‍ത്തീകരിക്കപ്പെട്ടില്ലായെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫും, ബി.ജെ.പിയും പ്രശ്നപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്.സഭയെ സഹായിക്കുന്നത് ബി.ജെ.പിയാണെങ്കില്‍ അവരെയും പിന്തുണയ്ക്കും. പിന്നീട് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.