തൃശ്ശൂര്‍: അടുത്ത വര്‍ഷത്തെ പത്താംക്ലാസുകാരെന്ന നിലയ്ക്ക്, ഇക്കൊല്ലത്തെ ഒമ്പതാം ക്ലാസ് കുട്ടികളെ ഒരു ദിവസം സ്‌കൂളില്‍ എത്തിക്കാന്‍ സാധ്യത. കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗുണമേന്മ മേല്‍നോട്ട സമിതിയുടെ ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാലാണ് ഇത് നടപ്പാവുക. വരുംദിവസങ്ങളില്‍ കോവിഡ് വ്യാപനത്തോത് ഗണ്യമായി കൂടിയില്ലെങ്കില്‍ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കും.

മാര്‍ച്ച്‌ ആറ്, എട്ട്, ഒമ്പത് തീയതികളിലാണ് കുട്ടികളെ എത്തിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒമ്പതാം ക്ലാസിലെ മൊത്തം കുട്ടികളെ ആറ് ബാച്ചുകളായി തിരിച്ച്‌ ഏതെങ്കിലും ഒരു ദിവസം സ്‌കൂളിലെത്തിക്കാനാണ് നീക്കം. ഒരു ബാച്ചിന് ഏതെങ്കിലും ഒരു ദിവസം ഉച്ചയ്ക്കു മുമ്പോ ഉച്ചയ്ക്കു ശേഷമോ ആയിരിക്കും എത്തേണ്ടിവരിക. സ്‌കൂള്‍ കാണാതെ പിന്നിട്ട ഒരു കൊല്ലം ഉണ്ടാക്കിയ മാനസിക പിരിമുറുക്കത്തോടെ അടുത്ത കൊല്ലം പത്താം ക്ലാസില്‍ എത്താതിരിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ അദ്ധ്യാപകര്‍ സഹായിക്കും. പത്താം ക്ലാസില്‍ പഠിക്കേണ്ട പാഠങ്ങള്‍, പൊതുപരീക്ഷയെ നേരിടേണ്ട വിധം തുടങ്ങിയവ ലഘുവായി വിവരിച്ചുകൊടുക്കണം.