സന്നിധാനം: ശബരിമലയില്‍ നിന്ന് ആക്രി സാധനങ്ങളുടെ മറവില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമം. പമ്ബാ പോലീസിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ശബരിമലയിലെ വസ്തുക്കള്‍ കടത്താനുള്ള ശ്രമം കണ്ടെത്തിയത്.

അനധികൃതമായി സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് രേഖാമൂലം പരാതി നല്‍കിയിട്ടും കുറ്റക്കാരനായ കരാറുകാരനെ അറസ്റ്റ് ചെയ്യാന്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും പോലീസ് തയ്യാറായിട്ടില്ല. സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും വിഷയത്തിന് ഗൗരവം നല്‍കാതെ ഒതുക്കി തീര്‍ക്കാനാണ് പോലീസിന്റെ ശ്രമം.

ശബരിമലയിലെ ആക്രി സാധനങ്ങള്‍ കടത്തിക്കൊണ്ടുവന്ന് ളാഹയില്‍ സൂക്ഷിച്ചിരിക്കുന്നതായി ക്ഷേത്ര ആചാര സംരക്ഷണ സമിതിയും പോലീസില്‍ പരാതി നല്‍കിയിരുന്നു. ളാഹയില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച്‌ മറച്ചുവെച്ചിരുന്ന സാധനങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ശബരിമലയിലെ സാധനങ്ങളാണെന്ന് തെളിഞ്ഞത്. ശബരിമലയിലെ അമൂല്യമായ വസ്തുക്കള്‍ മുതല്‍ കാണിക്കവഞ്ചി വരെ ഉള്‍പ്പെടെ നാല് ലോഡ് സാധനങ്ങളാണ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്.