ബെംഗളൂരു : മുന്‍ ഗവര്‍ണറും രാജ്യസഭാംഗവുമായ ജസ്റ്റിസ് എം.രാമ ജോയിസ് (89)അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ബീഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഗവര്‍ണറായിരുന്നു.

1932 ജൂലൈ 27 ന് ശിവമോഗ്ഗയിലാണ് മംഡഗദ്ദെ രാമ ജോയിസ് എന്ന എം.രാമ ജോയിസിന്റെ ജനനം. ആദ്യകാല ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്നു. ബിഎ, നിയമ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്നു. സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എഴുത്തുകാരന്‍ കൂടിയായ രാമ ജോയിസ് സര്‍വീസ് നിയമം, ഹേബിയസ് നിയമം, കോണ്‍സ്റ്റിറ്റിയൂഷണല്‍ നിയമം എന്നിവ സംബന്ധിച്ച്‌ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. രാമ ജോയിസിന്റെ നിര്യാണത്തില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യദ്ദ്യൂരപ്പ, വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.