സിദ്ദി: മധ്യപ്രദേശി​ല്‍ ബസ്​ പാലത്തിനു മുകളില്‍ നിന്ന്​ കനാലിലേക്ക്​ വീണ്​ 37 പേര്‍ മരിച്ചു. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന്​ 500 കിലോമീറ്റര്‍ അകലെ സിദ്ദിയില്‍ ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. മരിച്ചവരില്‍ 20 പുരുഷന്‍മാര​ും 16 സ്​ത്രീകളും ഒരു കുട്ടിയുമാണുള്ളത്​.

ബസില്‍ 50 യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവര്‍ക്ക്​ നിയന്ത്രണം വിട്ടതാണ്​ അപകടത്തിന്​ കാരണം​. 37 മൃതദേഹങ്ങള്‍ ലഭിച്ചുവെന്നും അവ പോസ്​റ്റ്​മോര്‍ട്ടത്തിന്​ അയച്ചുവെന്നും പൊലീസ്​ സൂപ്രണ്ട്​ ധരംവീര്‍ സിങ്​ പറഞ്ഞു​.

അപകട മരണത്തില്‍​ പ്രധാനമന്ത്രി നരേന്ദമോദി അനുശോചിച്ചു.

”മധ്യപ്രദേശിലെ സിദ്ദിയിലുണ്ടായ ബസപകടം ഭയാനകമാണ്​. നിരാശ്രയരായ കുടുംബങ്ങള്‍ക്ക് അനുശോചനം. രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പ്രാദേശിക ഭരണകൂടം സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു.” -പ്രധാനമന്ത്രി ട്വീറ്റ്​ ചെയ്​തു.

 

 

 

 

മരിച്ചവരുടെ കു​ട​ുംബങ്ങള്‍ക്ക് പ്രധാനമ​ന്ത്രിയു​ടെ ദുരിതാശ്വാസ നിധിയില്‍നിന്ന്​​ രണ്ട്​ ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക്​ 50000 രൂപ വീതവും കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്​.

മരിച്ചവരു​െട കുടുംബങ്ങള്‍ക്ക്​ സംസ്ഥാന സര്‍ക്കാര്‍ അഞ്ച്​ ലക്ഷംരൂപ വീതം പ്രഖ്യാപിച്ചു​.

” സംഭവിച്ചത്​ അത്യന്തം ദാരുണമാണ്​. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ അഞ്ച്​ ലക്ഷം രൂപ ധനസഹായമായി നല്‍കും. സംസ്ഥാനം മുഴുവന്‍ ദുരിത ബാധിതര്‍​ക്കൊപ്പമാണ്​” -മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍ ട്വീറ്റ്​ ചെയ്​തു.