ബംഗളൂരു: നഗരത്തിലെ ബഹുനില ഫ്ളാ‌റ്റ് സമുച്ചയത്തില്‍ നടത്തിയ ആഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിലെ ബൊമ്മനഹള‌ളി മേഖലയിലെ ബിലേകാഹള‌ളിയിലാണ് സംഭവം. 1500 കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ അഞ്ഞൂറോളം കുടുംബങ്ങള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. ഫെബ്രുവരി 6നായിരുന്നു പാര്‍ട്ടി.ഫെബ്രുവരി 12ന് ആദ്യത്തെയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പാര്‍ട്ടി നടന്ന വിവരമറിഞ്ഞെത്തിയ നഗരസഭ അതികൃതര്‍ മുഴുവന്‍ താമസക്കാരിലും നടത്തിയ പരിശോധനയിലാണ് 103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ മിക്കവര്‍ക്കും ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

രോഗം സ്ഥിരീകരിച്ച ഭൂരിപക്ഷം പേരും യുവാക്കളാണ്. ഇവരെല്ലാം ഹോംക്വാറന്റൈനിലാണ്. ഞായറാഴ്‌ച 513 പേ‌ര്‍ക്കും തിങ്കളാഴ്‌ച 600 പേര്‍ക്കും ചൊവ്വാഴ്‌ച 300 പേര്‍ക്കും പരിശോധന നടത്തി. രോഗം സ്ഥിരീകരിച്ചവരില്‍ താമസക്കാര്‍ മാത്രമല്ല പരിപാടിയില്‍ പങ്കെടുത്ത ഡ്രൈവര്‍മാര്‍, പരിചാരകര്‍, പാചകക്കാര്‍ എന്നിവരുമുണ്ട്. നിരവധി പേര്‍ക്ക് രോഗമുണ്ടായതോടെ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ ഫ്ളാ‌റ്റ് അധികൃതര്‍ക്ക് നഗരസഭ നിര്‍ദ്ദേശം നല്‍കി.