കോഴിക്കോട്: കെപിസിസിയുമായുള്ള പ്രശ്‌നങ്ങള്‍ പരസ്യമാക്കി കെ മുരളീധരന്‍. വടകരയ്ക്ക് പുറത്ത് താന്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ മുരളീധരന്‍ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ മുരളീധരന്‍ വന്നാല്‍ വലിയ നേട്ടമുണ്ടാകുമെന്ന് കാണിച്ച്‌ മുസ്ലീം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. മലബാറില്‍ അദ്ദേഹം പ്രചാരണം നടത്തിയാല്‍ അതിന്റെ നേട്ടം യുഡിഎഫിനുണ്ടാകുമെന്നായിരുന്നു ലീഗിന്റെ വാദം. എന്നാല്‍ ലീഗിന്റെ ആവശ്യം അടക്കം തള്ളുന്നതാണ് മുരളീധരന്റെ നിലപാട്. കെപിസിസി അദ്ദേഹവുമായി നല്ല ബന്ധത്തില്‍ അല്ല ഉള്ളത്.

വടകര താന്‍ ജയിച്ച മണ്ഡലമായതിനാല്‍ അവിടെ തന്നെ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നാണ് മുരളീധരന്‍ പറയുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കാതിരുന്നതിലും, താന്‍ നിര്‍ദേശിച്ചവരെ അംഗീകരിക്കാത്തതിലുമുള്ള എതിര്‍പ്പുകള്‍ മുരളീധരനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുതല്‍ നേതൃത്വുമായി ഇടഞ്ഞ് നില്‍ക്കുകയാണ് അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിലും മുരളീധരന്‍ സജീവമായിരുന്നില്ല. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും അദ്ദേഹത്തിന് എതിര്‍പ്പുണ്ട്. എന്നാല്‍ പരസ്യമായി കാണിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

തനിക്ക് അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ലെന്നാണ് മുരളീധരന്റെ പരാതി. മുരളിയെ പോലെ ശക്തനായൊരു നേതാവ് മലബാറില്‍ പ്രചാരണത്തിന് ഇറങ്ങിയില്ലെങ്കില്‍ അപകടമാകുമെന്ന് ലീഗ് ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഎമ്മിനെ ഏറ്റവും നന്നായി നേരിടുന്ന മുരളീധരനെ ആവശ്യമാണെന്ന് ലീഗ് പറയുന്നു. ലീഗിന്റെ മുന്‍നിര നേതൃത്വം അദ്ദേഹത്തെ പ്രചാരണത്തിന് ഇറക്കാന്‍ ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം മുരളീധരന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുമോ എന്നാണ് ഇനി അറിയാനുള്ളത്.

ലീഗ് നേതാക്കള്‍ അദ്ദേഹവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ലീഗുമായി അദ്ദേഹത്തിന് നല്ല ബന്ധമാണ് ഉള്ളത്. കോണ്‍ഗ്രസ് വേദികളില്‍ നിന്ന് വിട്ട് നിന്നെങ്കിലും ലീഗിന്റെ വേദികളില്‍ മുരളീധരന്‍ സജീവമാണ്. അതേസമയം രാഹുല്‍ ഗാന്ധി മുരളീധരനുമായി സംസാരിച്ച്‌ ഒത്തുതീര്‍പ്പ് ചര്‍ച്ച ചെയ്യാനും സാധ്യതയുണ്ട്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വൈകാതെ തന്നെ അദ്ദേഹത്തെ കണ്ടേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചില ഉറപ്പുകള്‍ മുരളീധരനും നല്‍കാനും ഹൈക്കമാന്‍ഡ് തയ്യാറായേക്കും. സുധാകരനെ പോലെ മുരളീധരനെയും പിണക്കി നിര്‍ത്തേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്.