തിരുവനന്തപുരം: ബാറുടമ ബിജു രമേശ് ഉയര്‍ത്തിയ ബാര്‍ കോഴ ആരോപണം സംബന്ധിച്ച്‌ ക്രൈംബ്രാഞ്ചും വിജിലന്‍സും പ്രാഥമിക അന്വേഷണം നടത്തും. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതികളില്‍ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനം. ഡിജിപിക്ക് ലഭിച്ച പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. ആരോപണത്തില്‍ കഴമ്ബുണ്ടെങ്കില്‍ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്യും. പൂജപ്പുര വിജിലന്‍സ് യൂണിറ്റാണ് രഹസ്യാന്വേഷണം നടത്തുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി.എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിന്‍വലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും ബിജു പറഞ്ഞിരുന്നു. കോഴ നല്‍കിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കാനൊരുങ്ങുന്നത്.

കേരള കോണ്‍ഗ്രസ് നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെതെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ബാര്‍ കോഴ വിവാദത്തില്‍ കൂടുതല്‍ ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയത്.