ഐപിഎല്ലിലെ പ്രമുഖ ടീമുകളിലൊന്നായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പേരുമാറ്റി. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് പകരം പഞ്ചാബ് കിംഗ്‌സ് എന്നായിരിക്കും ഇനിമുതല്‍ ടീം അറിയപ്പെടുക. ഐപിഎല്ലിന്റെ പതിനാലാം എഡിഷന്‍ മുതലാകും പേരുമാറ്റമെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു.

ടീമിന്റെ പേരുമാറ്റത്തെക്കുറിച്ച്‌ ബിസിസിഐയെ ഔദ്യോഗികമായി അറിയിച്ച്‌ അംഗീകാരം നേടിയെന്ന് പഞ്ചാബ് കിംഗ്‌സ് പ്രതിനിധികള്‍ അറിയിച്ചു.

പുതിയ പേരുമായുള്ള റീ ലോഞ്ചിംഗ് വൈകാതെ മുംബൈയില്‍ നടക്കും. 18ന് ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തിലും പഞ്ചാബ് കിംഗ്‌സ് എന്ന പേരിലാകും ടീം പങ്കെടുക്കുക. മോഹിത് ബര്‍മന്‍, നെസ് വാഡിയ, നടി പ്രീതി സിന്റ, കരണ്‍ പോള്‍ എന്നിവരുടെ ഉടമസ്ഥതയിലാണ് പഞ്ചാബ് കിംഗ്‌സ്.

ഐപിഎല്ലില്‍ പതിമൂന്ന് സീസണില്‍ കളിച്ചെങ്കിലും ഒരുതവണ പോലും കിരീടം നേടാന്‍ പഞ്ചാബ് കിംഗ്‌സിനായിട്ടില്ല. മൂന്നാം സ്ഥാനത്തെത്തിയതാണ് ഇതവരെയുള്ള മികച്ച നേട്ടം. കഴിഞ്ഞ സീസണില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ടീം അവസാനം ക്രിസ് ഗെയ്ലിന്റെ വരവോടെ ഫോമിലായിരുന്നു.