മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തെയും മികച്ച പ്രതിരോധഭടന്മാരില്‍ ഒരാളാണ് അര്‍ജന്റൈന്‍ താരം പാബ്ലോ സബലേറ്റ. യൂത്ത് തലം മുതല്‍ അര്‍ജന്റീന ടീമില്‍ ലയണല്‍ മെസിക്കൊപ്പം പന്തു തട്ടിയ താരം അര്‍ജന്റീനന്‍ പ്രതിരോധത്തിലെയും മികച്ച താരമായിരുന്നു.

അര്‍ജന്റീനയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലയണല്‍ മെസി ബാഴ്‌സലോണ വിടുകയാണെങ്കില്‍ തന്റെ മുന്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയാണ് വളരെയധികം അനുയോജ്യമായ ക്ലബ്ബെന്ന പക്ഷക്കാരനാണ് സബലേറ്റ.

ലയണല്‍ മെസി ആഗ്രഹിക്കുന്നത് പോലുള്ള ഒരു പുതിയ വെല്ലുവിളി അനായാസമാക്കാന്‍ പെപ്‌ ഗാര്‍ഡിയോളയും സഹായിക്കുമെന്നും സബലേറ്റ ചൂണ്ടിക്കാണിച്ചു. കരിയറില്‍ ഒരിക്കലെങ്കിലും പ്രീമിയര്‍ ലീഗും മെസി അനുഭവിക്കണമെന്ന പക്ഷക്കാരനാണ് സബലേറ്റ. ഇംഗ്ലീഷ് മാധ്യമമായ ദി മിററിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.