ഹൈദരാബാദ്: ചലച്ചിത്ര പ്രേമികളുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമായ രാമോജി ഫിലിം സിറ്റി ഈ മാസം 18 മുതൽ വീണ്ടും വിനോദസഞ്ചാരികൾക്കായി തുറക്കും. കൊറോണ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരിക്കും ഫിലിം സിറ്റി തുറക്കുകയെന്ന് അധികൃതർ അറിയിച്ചു

പ്രധാന കേന്ദ്രങ്ങൾ അണുവിമുക്തമാക്കും. സാമൂഹിക അകലം ഉറപ്പുവരുത്തിയായിരിക്കും സന്ദർശകരെ പ്രവേശിപ്പിക്കുക. കൊറോണ സുരക്ഷാ മാനദണ്ഡങ്ങളിൽ പരിശീലനം ലഭിച്ച ഗൈഡുകളാകും സന്ദർശകർക്ക് വഴികാട്ടികളാകുകയെന്നും രാമോജി ഫിലിം സിറ്റി അധികൃതർ വിശദീകരിച്ചു. കൊറോണ വ്യാപനത്തെ തുടർന്നാണ് ഫിലിം സിറ്റിയിൽ വിനോദസഞ്ചാരികളുടെ പ്രവേശനം വിലക്കിയിരുന്നത്. 10 മാസങ്ങൾക്ക് ശേഷമാണ് വീണ്ടും സഞ്ചാരികളെ വരവേൽക്കാൻ ഇവിടം ഒരുങ്ങുന്നത്.

www.ramojifilmcity.com വെബ്‌സൈറ്റ് വഴിയോ ടോൾ ഫ്രീ നമ്പരായ 1800 120 2999 വഴിയോ വിനോദ സഞ്ചാരികൾക്ക് ബുക്ക് ചെയ്യാം. രണ്ടായിരം ഏക്കറിലായി പരന്നുകിടക്കുന്ന രാമോജി ഫിലിം സിറ്റി ലോകത്തെ ഏറ്റവും വലിയ സ്റ്റുഡിയോ കോംപ്ലെക്‌സ് ആയി ഗിന്നസ് ബുക്കിൽ ഇടംപിടിച്ച സ്ഥലമാണ്.