ന്യൂഡൽഹി: തമിഴ്നാട്ടിൽ വികസന പദ്ധതികൾ തുടർന്ന് കേന്ദ്രസർക്കാർ. ബുധനാഴ്ച ഊർജ്ജമേഖലയിലെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസിംഗ് വഴിയാകും അദ്ദേഹം വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കുക.

രാമനാഥപുരം- തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്ലൈനിന്റെയും, ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഗ്യാസോലിൻ ഡീസൽഫുറൈസേഷൻ യൂണിറ്റിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുക. ഇതിന് പുറമേ നാഗപട്ടണത്ത് പുതുതായി നിർമ്മിക്കുന്ന കാവേരി ബേസിൻ റിഫൈനറിയുടെ നിർമ്മാണത്തിനും തറക്കല്ലിടും.

143 കിലോ മീറ്റർ നീളമേറിയതാണ് രാമനാഥപുരം- തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി. ഇന്നൂർ-തിരുവള്ളൂർ-ബംഗളൂരു-പുതിച്ചേരി-നാഗപ്പട്ടണം- മധുര എന്നീ പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന പൈപ്പ് ലൈൻ പദ്ധതിയ്ക്ക് 700 കോടി രൂപയാണ് ചിലവ്. 500 കോടിരൂപ ചിലവിട്ടാണ് ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ ഗ്യാസോലിൻ ഡീസൽഫുറൈസേഷൻ യൂണിറ്റ് നിർമ്മിക്കുന്നത്.

തമിഴ്നാട്ടിൽ വീണ്ടും കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിടുന്ന വിവരം പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് അറിയിച്ചത്. ഊർജ്ജ മേഖലയിൽ സ്വയം പര്യാപ്തത നേടുന്നതിനായാണ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് നേരിട്ടെത്തി വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു.