ന്യൂഡൽഹി: കേന്ദ്രസർക്കാർ വാക്കുപാലിക്കുന്നു. സംസ്ഥാനങ്ങൾക്ക് നികുതി ഇനത്തിൽ ജി.എസ്.ടിയായി പിരിച്ച തുകയിൽ നിന്നുള്ള നഷ്ടപരിഹാരതുകയുടെ ഗഡു കേന്ദ്രസർക്കാർ വീണ്ടും നൽകി. പതിനാറാമത്തെ ഗഡുവാണ് സർക്കാർ നൽകിയിരിക്കുന്നത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഫണ്ട് നൽകിയ വിവരം അറിയിച്ചത്. ആകെ 5000 കോടി രൂപയാണ് നികുതിയിനത്തിലെ നഷ്ടപരിഹാ രത്തിന് 16-ാം ഗഡുവായി കേന്ദ്രഫണ്ടിൽ നിന്നും സംസ്ഥാനങ്ങൾക്ക് നൽകിയിരിക്കുന്നത്.

ഇന്ത്യയിലെ 23 സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി മൂലമുള്ള നികുതി നഷ്ടംപരിഹരി ക്കാനുള്ള തുക മുൻ നിശ്ചയപ്രകാരം നൽകിക്കഴിഞ്ഞു. ഇപ്പോൾ 4597.16 കോടി രൂപയാണ് നൽകിയത്. മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് 402.84 കോടി രൂപ വീതവും നൽകി. മറ്റ് സാമ്പത്തിക ബാദ്ധ്യതയില്ലാത്തതിനാൽ അരുണാചൽ പ്രദേശ്, മണിപ്പൂർ, മിസോറം, നാഗാലാന്റ്, സിക്കിം എന്നീ സംസ്ഥാനങ്ങൾക്ക് തുക നൽകേണ്ട ആവശ്യം വന്നിട്ടില്ലെന്നും കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ മുൻ നിശ്ചയപ്രകാരം ജി.എസ്.ടി പിരിച്ചതിലൂടെ സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുകയിൽ 86 ശതമാനവും നൽകിക്കഴിഞ്ഞു. ആകെ 86,729.93 കോടിരൂപയാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയത്. ഒപ്പം 8270.07 കോടിരൂപ കേന്ദ്രഭരണപ്രദേശങ്ങൾക്കും നൽകിയതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.