ഇംഗ്ലണ്ടില്‍ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് 19 ജാബുകള്‍ തിങ്കളാഴ്ച മുതല്‍ നല്‍കാനാരംഭിക്കും. വാക്‌സിനേഷന്റെ അടുത്ത ഘട്ടം തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഗ്രൂപ്പുകളിലേക്ക് കൂടി ജാബുകള്‍ ലഭ്യമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. വാക്‌സിന്‍ ലഭ്യമാക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന മുന്‍ഗണനാ ലിസ്റ്റിലുള്ള നാല് പ്രയോറിറ്റി ഗ്രൂപ്പുകള്‍ക്ക് പുറത്തേക്ക് കൂടി വാക്‌സിന്‍ ഔദ്യോഗികമായി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണീ നീക്കം.

കോവിഡിന് ഏറ്റവും വള്‍നറബിളായ എല്ലാവര്‍ക്കും തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങുന്ന പാതയിലേക്കാണ് യുകെ നീങ്ങുന്നതെന്നാണ് മിനിസ്റ്റര്‍മാര്‍ പറയുന്നത്. ഇതിനിടെ യുകെയില്‍ 14.5 മില്യണ്‍ പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 15 ആകുമ്ബോഴേക്കും രാജ്യത്തെ ഏറ്റവും വള്‍നറബിളായ 15 മില്യണ്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന ലക്ഷ്യത്തിലേക്ക് യുകെ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

കോവിഡ് വാക്‌സിനായി നാഷണല്‍ ബുക്കിംഗ് സര്‍വീസസില്‍ ലോഗ് ഓണ്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് രാജ്യത്തെ 65 വയസിന് മേല്‍ പ്രായമുള്ളവരും ക്ലിനിക്കലി വള്‍നറബിളായവരുമായവര്‍ക്ക് ശനിയാഴ്ച 1.2 മില്യണ്‍ കത്തുകള്‍ അവരുടെ വീടുകളിലെത്തിച്ചുവെന്നാണ് എന്‍എച്ച്‌എസ് ഇംഗ്ലണ്ട് പറയുന്നത്. ഇത്തരത്തിലുള്ള 1.2 മില്യണ്‍ കത്തുകള്‍ കൂടി ഈ ആഴ്ച വീടുകളിലെത്തുന്നതായിരിക്കും. ഇത്തരത്തില്‍ കത്തുകള്‍ ലഭിച്ചവര്‍ക്ക് 100ലധികം വാക്‌സിനേഷന്‍ സെന്ററുകളിലൊന്നിലോ അല്ലെങ്കില്‍ ഏതാണ്ട് 200 ഫാര്‍മസി സര്‍വീസുകളിലൊന്നിലോ വാക്‌സിനായി സമീപിക്കാവുന്നതാണ്.