തിരുവനന്തപുരം: എല്ലാ ക്രൈസ്തവ സഭകള്‍ക്കും ലൗ ജിഹാദില്‍ ആശങ്കയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൗ ജിഹാദ് വിഷയത്തില്‍ എല്ലാവരും ബിജെപി വര്‍ഗീയത പറയുന്നു എന്നാരോപിക്കുന്നു. എന്നാല്‍ ക്രൈസ്തവ സഭയും ആശങ്കയോടെയാണ് പ്രതികരിക്കുന്നത്. ക്രിസ്‌ത്യാനികള്‍ ഇത്തരമൊരു ആരോപണം ദുരുദ്ദേശത്തോട് കൂടി ഉന്നയിക്കുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും കെ സുരേന്ദ്രന്‍ ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.

ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ എന്തൊക്കെയൊ ഒളിച്ചു വയ്ക്കുന്നുണ്ടെന്നും ആരുടെയോ സമ്മര്‍ദ്ദം സര്‍ക്കാരിന് മേലുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നമ്മുടെ എല്ലാ രജിസ്റ്റര്‍ ഓഫീസുകളിലും ഒരു ആറ് മാസം മുമ്ബ് വരെ സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരാകുന്നവരുടെ വിവരങ്ങള്‍ എഴുതി വയ്ക്കാറുണ്ട്. അച്ഛന്റെയും അമ്മയുടേയും വിവരങ്ങള്‍ അടക്കം. എന്തിനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആ നിബന്ധന ഒഴിവാക്കിയത്. ആ ചോദ്യത്തിന് മാത്രം ഉത്തരം പറയു. അത് കോടതി വിധി ഒന്നുമല്ല. ഇവരെല്ലാം ചെയ്യുന്നത് ഇതുപോലെയാണ്. അപ്പോള്‍ അതിന് അര്‍ത്ഥം സര്‍ക്കാരിന് എന്തോ ഒളിച്ച്‌ വയ്ക്കാനുണ്ട് എന്നതാണ്. ആരുടെയോ സമ്മര്‍ദ്ദം അവര്‍ക്കുമേലുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആരുടേയാണ് സമ്മര്‍ദ്ദം. നേരിട്ടുള്ള മത സംഘടനകളുടെ സമ്മര്‍ദ്ദം ആകാന്‍ സാധ്യതയില്ല. ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ പലതാണ്. എന്തുകൊണ്ടാണ് വിവാഹം കഴിക്കാനെന്ന വ്യാജേന മതം മാറി ചാക്കുടുത്ത് നടക്കുന്നവരുണ്ട്. പെണ്‍കുട്ടികള്‍ ഒക്കെ അവിടെപ്പോയി മതം മാറിയിട്ട് ചാക്കുമുടുത്ത് നടക്കുകയാണ്. പതിനേഴാം നൂറ്റാണ്ടിനെ എന്തിനാണ് വിഷ്വലൈസ് ചെയ്യണമെന്ന് പറയുന്നത്. എന്തിനാണ് അവര്‍ സിറിയയിലേക്ക് പോകുന്നത്. ചോദ്യത്തിന് ആരെങ്കിലും ഉത്തരം പറയണമല്ലോഎന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയെ കാണാന്‍ എല്ലാ സഭകളും പോയി. എല്ലാവര്‍ക്കും ആശങ്ക ഉണ്ട്. അഞ്ച് മണി ആകുന്നതോടെ അമ്മമാരുടെ നെഞ്ച് നീറുകയാണ്. ഒരു മതത്തിലെ മാത്രമല്ല. ഇതില്‍ വലിയ തോതിലുള്ള റാക്കറ്റ് പ്രവര്‍ത്തിക്കുന്നു. ആ റാക്കറ്റ് കുട്ടികളെ കണ്ടുപിടിച്ച്‌ നോട്ടമിട്ട് കുരുക്കിലാക്കുന്നു. പ്രണയിച്ച്‌ കല്യാണം കഴിക്കുന്നതില്‍ ഇവിടെ ആര്‍ക്കും പരാതിയില്ല. പരസ്പരം മിശ്രവിവാഹം നടക്കുന്നുണ്ട് ഇവിടെ. കല്യാണം കഴിക്കാന്‍ എന്തിനാണ് അവിടെ കൊണ്ടുപോകുന്നത്. സിറിയിയിലേക്ക് എന്തിനാണ് കൊണ്ടു പോകുന്നത്. ഈ ചോദ്യത്തിന് ആര് ഉത്തരം പറയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് കേസുകള്‍ ഉണ്ട്. കെസിബിസി പറയുന്നത് എന്തുകൊണ്ടാണ്. ഞങ്ങള്‍ ആര്‍ എസ് എസുകാരും ബിജെപിക്കാരും പറഞ്ഞാല്‍ ശരി, ഇതിപ്പോള്‍ ക്രൈസ്തവ സഭയും ആശങ്കയോടെയാണ് പറയുന്നത്. എത്ര അമ്മമാര്‍ ചാനലുകളില്‍ പരസ്യമായി വന്ന് പറഞ്ഞു. ഈ വൈരുദ്ധ്യാത്മക ഭൗതികവാദം പോലും ഇപ്പോഴാണല്ലോ ഗോവിന്ദന്‍ മാഷിന് പോലും ഉട്ടോപ്യന്‍ ആണെന്ന് മനസിലായത്. ഞങ്ങള്‍ ആദ്യം പറയുന്ന കാര്യങ്ങള്‍ ആദ്യം അംഗീകരിച്ച്‌ തരാറില്ല. ബിജെപി പറയുമ്ബോള്‍ അതില്‍ എന്തെങ്കിലും ഒരു വര്‍ഗീയത ഉണ്ടെന്ന് പ്രചരിപ്പിക്കും. ഞാന്‍ പറയട്ടെ ക്രൈസ്തവ സഭ പറയുന്നത് അവരുടെ വസ്തുത ആണല്ലോ. ക്രിസ്ത്യാനികള്‍ ഇത്തരമൊരു ആരോപണം ദുരദ്ദേശത്തോട് കൂടി ഉന്നയിക്കുന്നു എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തന്നെ പറയുന്നതിനിടയിലാണ് ലൗ ജിഹാദ് ഉണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ നടക്കുന്ന ലവ് ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകള്‍ കേന്ദ്രത്തിനു മുന്നില്‍ എത്തിയിട്ടുണ്ടെന്ന് സഭയില്‍ ബെന്നി ബെഹ്നാന്‍ ഉന്നയിച്ച ചോദ്യത്തിന് ലവ് ജിഹാദ് എന്ന പദം ഇപ്പോള്‍ നിര്‍വചിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുന്‍പ് മറുപടിനല്‍കിയിരുന്നു. അങ്ങനെ ഒരു വാക്ക് നിലവിലില്ല. അതുകൊണ്ട് തന്നെ ലവ് ജിഹാദ് നിലവിലുണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കാന്‍ രേഖാ മൂലം സാധിക്കില്ലെന്നും അമിത് ഷാ വിശദീകരിച്ചിരുന്നു. കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഇതേ കാര്യം പറഞ്ഞിരുന്നു.