തിരുവനന്തപുരം: തനിക്ക് വധഭീഷണിയെന്ന് കെഎം ഷാജി എംഎല്‍എയുടെ പരാതി. ഇത് സംബന്ധിച്ച്‌ എംഎല്‍എ മുഖ്യമന്തിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കി. മുംബൈയിലെ ക്വട്ടേഷന്‍ സംഘവുമായി കണ്ണൂര്‍ സ്വദേശി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും ഷാജി പുറത്തുവിട്ടു. തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ സിപിഎമ്മിന്റെ അറിയപ്പെടുന്ന നേതാവാണെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂരിലെ ചില ഗുണ്ടാസംഘങ്ങളുടെ തര്‍ക്കത്തിന്റെ ഫലമായാണ് വധഭീഷണിയുടെ വിവരങ്ങള്‍ തനിക്കു ലഭിച്ചതെന്നും കെഎം ഷാജി, മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ പറയുന്നു. മുംബൈയിലെ ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്നാണ് കണ്ണൂരിലെ പ്രാദേശിക നേതാവ് ക്വട്ടേഷന്‍ നല്‍കിയത്. ഇതിന്റെ മൂന്ന് മിനിറ്റ് നേരമുള്ള സംഭാഷണമാണ് കെഎം ഷാജി പുറത്തുവിട്ടത്.

എംഎല്‍എയെ വധിച്ച ശേഷം അന്ന് തന്നെ പോകണമെന്നും സ്‌കൈപ്പിലൂടെ എംഎല്‍എയെ തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കിത്തരാമെന്നും കൊലനടത്തിയാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നുമാണ് ശബ്ദരേഖയില്‍ പറയുന്നതെന്ന് ഷാജി പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് മുംബൈയില്‍ ഒളിച്ചുതാമസിക്കാന്‍ സഹായിച്ചതും ഈ പ്രാദേശിക നേതാവാണെന്നും കെഎം ഷാജി പറഞ്ഞു.