കൊച്ചി: ബിജെപി-ആര്‍എസ്‌എസ് നേതാക്കള്‍ മേജര്‍ രവിയുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് നേതൃത്വവുമായി അടുക്കുന്ന മേജര്‍ രവിയെ അനുനയിപ്പിച്ച്‌ തിരികെ പാര്‍ട്ടിയിലെത്തിക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമം. മേജര്‍ രവിയുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്ന ബിജെപി- ആര്‍എസ്‌എസ് നേതാക്കളാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. ബിജെപിയുടെ പ്രധാന നേതാക്കള്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചതായാണ് മേജര്‍ രവിയും നല്‍കുന്ന സൂചനകള്‍.

താന്‍ നേരത്തേ ഉന്നയിച്ച വിമര്‍ശനങ്ങള്‍ നേതാക്കളുമായി പങ്കുവെച്ചതായി മേജര്‍ രവി പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ സ്വീകരണയോഗത്തില്‍ തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതൃത്വവുമായി വലിയ ബന്ധമായിരുന്നു മേജര്‍ രവിക്കുണ്ടായിരുന്നത്. ബിജെപി നേതാക്കളുടെ പ്രചാരണ പരിപാടികളിലെല്ലാം മേജര്‍ രവി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ ബിജെപി നേതാക്കള്‍ക്കെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനുപിറകേ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണയോഗത്തില്‍ മേജര്‍ രവി പങ്കെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കള്‍ അനുനയനീക്കം നടത്തുന്നത്.