ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരവുമായി ബന്ധപ്പെട്ട്‌ സ്വീഡിഷ്‌ പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്‌ പുറത്തുവിട്ട ടൂള്‍ കിറ്റ്‌ തയാറാക്കിയതിലെ പങ്ക്‌ കണ്ടെത്തി ബംഗളുരുവില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത ദിഷ രവി(21)യെ ഡല്‍ഹി കോടതി അഞ്ചു ദിവസത്തേക്കു പോലീസിന്റെ കസ്‌റ്റഡിയില്‍ വിട്ടു. സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക്‌ ദിനത്തിലെ ട്രാക്‌ടര്‍ സമരമടക്കം നടത്തുന്നതു സംന്ധിച്ചായിരുന്നു ടൂള്‍ കിറ്റ്‌ എന്നു വിളിക്കുന്ന ഗൂഗിള്‍ ഡോക്യുമെന്റ്‌.

ഇന്ത്യയുടെ പ്രതിഛായ നശിപ്പിക്കുന്നതടക്കം പദ്ധതിയിട്ട ടൂള്‍ കിറ്റിനു പിന്നില്‍ ഖാലിസ്‌ഥാന്‍ വാദികളുടെ ഗൂഢാലോചനയുണ്ടെന്നു പോലീസ്‌ കണ്ടെത്തി.രാജ്യദ്രോഹം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരം നേരത്തേ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതിന്റെ തുടര്‍ച്ചയായാണു ദിഷയുടെ അറസ്‌റ്റ്‌. രാജ്യത്തിനെതിരേ സാമ്ബത്തിക, സാമൂഹിക, സാംസ്‌കാരിക, പ്രാദേശിക തലങ്ങളില്‍ യുദ്ധം ചെയ്യുകയെന്ന ആഹ്വാനമാണു ടൂള്‍ കിറ്റിനു പിന്നിലെന്നു പോലീസ്‌ പറയുന്നു.

കര്‍ഷക സമരത്തെ പിന്തുണയ്‌ക്കുന്ന ട്വീറ്റിനൊപ്പം അബദ്ധത്തിലാണു ഗ്രെറ്റ ഇതു പുറത്തുവിട്ടത്‌. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ഡിലീറ്റ്‌ ചെയ്‌ത്‌ മറ്റൊരെണ്ണം പോസ്‌റ്റ്‌ ചെയ്‌തു.പരിസ്‌ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘ഫ്രൈഡേയ്‌സ്‌ ഫോര്‍ ഫ്യൂച്ചര്‍’ സംഘടനയിലെ അംഗമായ ദിഷ ഫെബ്രുവരി മൂന്നിന്‌ ഈ ടൂള്‍കിറ്റ്‌ ഓണ്‍െലെനില്‍ എഡിറ്റ്‌ ചെയ്‌തെന്നു കണ്ടെത്തിയതായി പോലീസ്‌ കോടതിയെ അറിയിച്ചു.

ഒട്ടേറെപ്പേര്‍ ഇതില്‍ പങ്കാളികളാണെന്നും പോലീസ്‌ പറയുന്നു. അതേസമയം, ടൂള്‍ കിറ്റ്‌ ഉണ്ടാക്കിയതു താനല്ലെന്നും അതില്‍ രണ്ടു വാചകങ്ങള്‍ എഡിറ്റ്‌ ചെയ്‌തത്‌ കര്‍ഷക സമരത്തെ പിന്തുണയ്‌ക്കാന്‍ ഉദ്ദേശിച്ചു മാത്രമാണെന്നുമാണു ദിഷയുടെ വിശദീകരണം.