നിയമന വിവാദത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരുന്നു. സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ നിരാഹാര സമരം തുടങ്ങാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരവും തുടരുകയാണ്.
ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരാനിരിക്കെ സര്‍ക്കാര്‍ അനുകൂല തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരാനാണ് സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 22 മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. ഇന്നലെ ഉദ്യോഗാര്‍ത്ഥികള്‍ കുടുംബാംഗങ്ങളെ കൂടെ പങ്കെടുപ്പിച്ച്‌ സെക്രട്ടേറിയറ്റിന്റെ സമര ഗേറ്റിലേക്ക് ശയന പ്രദക്ഷിണം നടത്തിയിരുന്നു. രാത്രി ഏറെ വൈകിയും പ്രതിഷേധ പരിപാടികള്‍ തുടര്‍ന്നിരുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരവും തുടരുകയാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ പരിഹാരം കാണുന്നതുവരെ സമരം തുടരാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം.