കോഴിക്കോട്: പ്രതിയെ പിടികൂടാന്‍ പോയ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കുറ്റ്യാടി നിട്ടൂരില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയായ ആമ്പാത്ത് അശോകന്‍ എന്നയാളെ തേടിപ്പോയതാണ് പൊലീസ്.

സി പി എം പ്രവര്‍ത്തകനായ ഇയാളുടെ നേതൃത്വത്തില്‍ തന്നെയാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് സൂചന. എസ് ഐ ഉള്‍പ്പടെയുള്ള നാല് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

എസ് ഐ വിനീഷ്,സിവില്‍ പൊലീസ് ഓഫീസര്‍മാരായ രജീഷ്, സബിന്‍, ഹോം ഗാര്‍ഡ് സണ്ണി കുര്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഒരു പൊലീസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പും അക്രമി സംഘം തകര്‍ത്തു.