ഗിനിയ : ലോകത്ത് സര്‍വനാശം വിതച്ച കോവിഡിന് പിന്നാലെ എബോളയും പടര്‍ന്ന് പിടിക്കുന്നതായി റിപ്പോര്‍ട്ട്. 2013-16 കാലഘട്ടത്തില്‍ ഉണ്ടായ രോഗവ്യാപനത്തിന് ശേഷം വീണ്ടും ഗിനിയയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്ക് കിഴക്കന്‍ മേഖലയില്‍ മൂന്ന് പേര്‍ മരണപ്പെടുകയും നാലു പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.
ഗൗക്കെയിലെ ഒരു ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ഏഴു പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. വയറിളക്കം, ഛര്‍ദ്ദി, രക്തസ്രാവം എന്നീ രോഗലക്ഷണങ്ങള്‍ ഇവര്‍ പ്രകടിപ്പിച്ചിരുന്നു. ഏഴംഗ സംഘത്തിലെ നാലു പേരെ നിലവില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സായ സ്ത്രീയുടെ ശവസംസ്‌കാര ചടങ്ങിലാണ് ഇവര്‍ പങ്കെടുത്തത്. സ്ത്രീയ്ക്ക് എബോള ബാധിച്ചിരുന്നോയെന്ന കാര്യം വ്യക്തമല്ല. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര ആരോഗ്യ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഗിനിയന്‍ സര്‍ക്കാര്‍ എബോളയെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു.
കൊറോണ വൈറസ് വ്യാപനത്തിനിടയില്‍ എബോളയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എബോള കടുതല്‍ പേരിലേക്ക് വ്യാപിച്ചിട്ടുണ്ടോയെന്നറിയാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.