ദില്ലി: ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ചെളിയില്‍ പുതഞ്ഞു കിടന്നിരുന്ന മുപ്പതോളം പേരെ രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. തിരിച്ചറിയാനാവാത്ത 26 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായും പോലീസ്‌ അറിയിച്ചു. ഇന്ന്‌ ഇതുവരെ 12 മൃതദേഹങ്ങളാണ്‌ പ്രദേശത്തു നിന്നും കണ്ടെടുത്തത്‌.

തപോവന്‍ ജലവൈദ്യുത പദധതിയുടെ ഭാഗമായ തുരങ്കത്തില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കഴിഞ്ഞ ഏഴ്‌ ദിവസമായി തുരങ്കത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്‌ ഇതാദ്യമായാണ്‌.തുരങ്കത്തിന്റെ 130 മീറ്ററോളം എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്‌ കഴിഞ്ഞു.ഇതിന്‌ മുന്‍പ്‌ ദൗലി ഗംഗ നദിയില്‍ നിന്നും 38 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഉത്തരാഖണ്ഡ്‌ പോലീസ്‌ അറിയിച്ചു.

164 പേരെ കൂടിയാണ്‌ ഇനി കണ്ടെത്താനുള്ളത്‌. 12 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 26 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അടുത്ത തുരംഗത്തിലേക്ക്‌ കടക്കാനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്‌. ദൗലി ഗംഗ നദിയില്‍ നിന്ന്‌ തുരങ്കത്തിലേക്ക്‌ വെള്ളം കയറുന്നത്‌ വെല്ലുവിളിയാണെങ്കിലും കൂടുതല്‍ പേരെ ജീവനോടെ പുറത്തെത്തിക്കാനാകും എന്നാണ്‌ രക്ഷാ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്‌. രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജമാക്കാന്‍ കൂടുതല്‍ ചെളികള്‍ മറ്റാന്‍ കൂടുതല്‍ പ്രാപ്‌തമായ യന്ത്രങ്ങള്‍ കഴിഞ്ഞ ദിവസം ദുരന്ത മുഖത്തേക്ക്‌ എത്തിച്ചിരുന്നു. എത്രയും വേഗത്തില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. അതേ സമയം പാലം തകര്‍ന്ന്‌ ഒറ്റപ്പെട്ട ഗ്രമങ്ങള്‍ക്ക്‌ സൈന്യം താല്‍കാലിക പാലങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കിയിട്ടുണ്ട്‌.