ഇന്ത്യ – ഇംഗ്ളണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് 195 റണ്‍സിന്‍്റെ ലീഡ്. ഇംഗ്ലണ്ട് 134 റണ്‍സിന് ഓള്‍ഔട്ടായി. 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ബെന്‍ ഫോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഫോക്സിനെ കൂടാതെ 3 പേര്‍ക്ക് മാത്രമാണ് രണ്ടക്കം മറികടക്കാന്‍ സാധിച്ചുള്ളു. ഡോം സിബ്‍ലി (16), ബെന്‍ സ്റ്റോക്സ് (18), ഒലി പോപ് (22) എന്നിവരാണു ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

ഇംഗ്ളണ്ടിന്‍്റെ അന്തകനായി ആര്‍ അശ്വിന്‍ അവതരിച്ചപ്പോള്‍ ബാറ്റ്സ്മാന്മാര്‍ക്ക് പിടിച്ച്‌ നില്‍ക്കാനായില്ല. ഇന്ത്യയ്ക്കായി ആര്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ത്യന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 329 റണ്‍സിനു പുറത്തായിരുന്നു. രണ്ടാം ദിനം ആറിന് 300 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് 29 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. രണ്ടാം ദിനം ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടി. 77 പന്തുകള്‍ നേരിട്ട താരം 58 റണ്‍സുമായി പുറത്താകാതെ നിന്നു.

ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടേയും (161) വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ അര്‍ധസെഞ്ചുറിയുടേയും (67) ബാറ്റിങ് കരുത്തിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. ഇംഗ്ലണ്ടിനായി മൊയീന്‍ അലി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഒലി സ്റ്റോണ്‍ മൂന്നും ജാക്ക് ലീഷ് രണ്ടും ജോ റൂട്ട് ഒരു വിക്കറ്റും വീഴ്ത്തി.