ചെന്നൈ: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അര്‍ജുന്‍ യുദ്ധടാങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കരസേനാ മേധാവി ജനറല്‍ എം എം നരവണെയ്ക്ക് കൈമാറി. ചെന്നൈയില്‍ വെച്ചാണ് മെയ്ഡ് ഇന്‍ ഇന്ത്യ യുദ്ധടാങ്ക് സൈന്യത്തിന് കൈമാറിയത്.
തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഞായറാഴ്ചയാണ് പ്രധാമന്ത്രി ചെന്നൈയിലെത്തിയത്.
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (ഡി.ആര്‍.ഡി.ഒ) കോംബാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് തദ്ദേശീയമായി രൂപകല്‍പന ചെയ്തതും വികസിപ്പിച്ചതും നിര്‍മിച്ചതുമായ അത്യാധുനിക ടാങ്കിനെ പ്രധാനമന്ത്രി മോദി സല്യൂട്ട് ചെയ്ത് സ്വീകരിച്ചു. 118 അര്‍ജുന്‍ മാര്‍ക്ക് വണ്‍ എ ടാങ്കുകള്‍ കരസേനയ്ക്ക് കൈമാറുമെന്ന് അടുത്തിടെ നടന്ന ഉന്നതതല യോഗത്തില്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 8400 കോടിയോളം രൂപയാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.
ചെന്നൈ മെട്രോയുടെ ഒമ്പത് കിലോമീറ്റര്‍ ദീര്‍ഘിപ്പിച്ച സര്‍വീസിന്റെയും മറ്റു രണ്ടു റെയില്‍വേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മദ്രാസ് ഐഐടിയുടെ ഡിസ്‌കവറി ക്യാമ്പസിന് തറക്കല്ലിടുകയും ചെയ്തു. ചെന്നൈയില്‍ നിന്ന് നേരെ പ്രധാനമന്ത്രി കൊച്ചിയിലേക്കാണ് എത്തുക.