കൊച്ചി: എറണാകുളം അമ്പലമുഗളിലെ ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്‌ട് (പിഡിപിപി) രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാടിന്‍റെ പൊതുവായ വികസനത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘നമസ്കാരം കൊച്ചി’ എന്ന് മലയാളത്തില്‍ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി തുടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ്‌ കൊച്ചി റിഫൈനറി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനികകരമായ റിഫൈനറിയാണ് കൊച്ചിയിലേത്. ഇന്നിതാ അതേ കൊച്ചിയില്‍ തന്നെ പുതിയ സംരഭം കൂടി വരികയാണ്. ഈ നാടിന്‍റെ സ്വയം പര്യാപ്തതയിലേക്കുള്ള വലിയ ചുവടുവെപ്പുകൂടിയാണ് ഇത്. വിദേശ നാണ്യം മിച്ചം വെക്കാനും നിരവധി അനുബന്ധ വ്യവസായങ്ങള്‍ രൂപ്പെപ്പെടാനും ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി വെല്ലിംഗ്‌ടണ്‍ ഐലന്‍ഡില്‍ തുറമുഖ ട്രസ്‌റ്റ് നിര്‍മ്മിച്ച ‘സാഗരിക” അന്താരാഷ്‌ട്ര ക്രൂസ് ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആകെ 6100 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി. അധ്യക്ഷ പ്രസംഗത്തിനിടെ ബിപിസിഎല്ലിലെ സ്വകാര്യവത്കരണത്തെ പിണറായി വിജയന്‍ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. സ്വകാര്യ നിക്ഷേപം മാത്രം ആശ്രയിച്ചല്ല വ്യവസ്യായ വികസനം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍സനം വികസ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാറുമായി സഹരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്നും അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ തീരുമാനിച്ചതിലും അരമണിക്കൂര്‍ വൈകിയാണ് തമിഴ്നാട്ടില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍ എത്തിയത്. 2.55 ന് ഉദ്ഘാടന വേദിയില്‍ എത്തുന്ന വിധമായിരുന്നു പ്രധാനമന്ത്രിയുടെ യാത്രാ പരിപാടികള്‍ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 3.15 ഓടെ മാത്രമാണ് പ്രധാനമന്ത്രി കൊച്ചിയില്‍ വിമാനം ഇറങ്ങിയത്. സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ മന്ത്രി ജി സുധാകരന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍, വൈസ് അഡ്മിറല്‍ എക ചൗള, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എന്നിവരുള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ശോഭാ സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയ എന്‍ഡിഎ നേതാക്കളും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരിന്നു. നാവിക സേന വിമാനത്താവളത്തില്‍ നിന്നും രാജഗിരി കോളേജ് ഹെലിപാഡില്‍ എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണ്ണറും കേന്ദ്ര മന്ത്രി വി മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു.