ചണ്ഡിഗഡ്: ഹരിയാനയിലെ ഗുസ്തി പരിശീലന കേന്ദ്രത്തിലെ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പരിശീലന കേന്ദ്രത്തിലെ ജീവനക്കാരനായ സുഖ് വീന്ദറാണ് പിടിയിലായത്. ജോലിയില്‍ നിന്ന് പുറത്താക്കിയതിനുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ നടന്ന വെടിവെയ്പ്പില്‍ പരിശീലന കേന്ദ്രത്തിന്റെ ഉടമസ്ഥന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

പരിശീലന കേന്ദ്രം നടത്തിയിരുന്ന മനോജ് , ഭാര്യ സാക്ഷി, സതീഷ്, പ്രദീപ്, പൂജ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. മനോജിന്റെ രണ്ടര വയസ്സുള്ള മകനുള്‍പ്പടെ രണ്ട് കുട്ടികള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു. പരിശീലനത്തിനിടെ സുഖ് വീന്ദര്‍ മോശമായി പെരുമാറിയെന്ന് കൊല്ലപ്പെട്ട പൂജ ഉടമസ്ഥന്‍ മനോജിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ഇതിന്റെ പകയിലാണ് കൊലപാതകം.

തോക്കുമായി പരിശീലന കേന്ദ്രത്തിലെത്തിയ മുന്‍ ജീവനക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.