ന്യൂഡല്‍ഹി: കേരളത്തിലെ പിന്‍വാതില്‍ നിയമനം വിവാദം ലോക്‌സഭയില്‍ ഉന്നയിച്ച്‌ എന്‍ കെ പ്രേമചന്ദ്രന്‍ എംപി. കേരളത്തിലും പശ്ചിമ ബംഗാളിലും ആയിരക്കമക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. ഇത്തരത്തിലുള്ള നിയമനങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രം ഇടപെടണമെന്നും ഇക്കാര്യത്തില്‍നിയമ നിയമനിര്‍മാണം അനിവാര്യമാണെന്നും പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിലുള്ളവര്‍ക്ക് നിയമനം നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തിലുള്ളവരെയും താത്കാലിക ജീവനക്കാരെയും തസ്തികകളിലേക്ക് തിരുകി കയറ്റി. പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാണിച്ചു.
കേരളത്തില്‍ നിരവധി പാര്‍ട്ടി നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്ക് നിയമവിരുദ്ധമായി സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം നല്‍കി. അതേസമയം റാങ്ക് ലിസ്റ്റിലുള്ള നിരവധി പേര്‍ ആത്മഹത്യയുടെ വക്കിലാണ്. സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരേ വലിയ പ്രതിഷേധമാണ് കേരളത്തിലുള്ളത്. ബംഗാളിലും ഇതേ അവസ്ഥയാണെന്നും സമാനമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും അദേഹം പറഞ്ഞു. പിഎസ്‌സിയെ നോക്കുകുത്തിയാക്കിയുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ നിയന്ത്രിച്ച്‌ പിഎസ്‌സികളുടെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.