പട്ടികളേയും പൂച്ചകളേയും അടക്കം വളര്‍ത്തു മൃഗങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരാണ് നമുക്കിടയിലെ പലരും. പക്ഷേ, നിങ്ങളുടെ സ്നേഹത്തിന് എന്ത് മൂല്യം വരും? നിങ്ങളുടെ ജീവനായ പട്ടിക്കോ പൂച്ചയ്ക്കോ നിങ്ങളുടെ കാലശേഷം എന്ത് നല്‍കും? ഇനി നമ്മള്‍ കൊടുക്കുന്ന ഏറ്റവും വിലയേറിയ സമ്മാനം അവയ്ക്ക് നമ്മുടെ സ്നേഹത്തേക്കാള്‍ വലുതായിരിക്കുമോ? വളര്‍ത്തുമൃഗങ്ങളെ കുറിച്ച്‌ ഇങ്ങനെയൊക്കെ ചിന്തിച്ചവര്‍ ഉണ്ടാകുമോ?

അങ്ങനെയൊരാളാണ് സോഷ്യല്‍മീഡിയയില്‍ ഇന്ന് ഏറ്റവും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. യുഎസ്സിലെ ടെന്നെസ്സി സ്വദേശിയായ ബില്‍ ഡോറിസ് കഴിഞ്ഞ വര്‍ഷമാണ് മരിക്കുന്നത്. ഡോറിസിനൊപ്പം നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്ന പട്ടിയാണ് ലുലു. ഡോറിസും ലുലുവും ഇപ്പോള്‍ ചര്‍ച്ചയാകാന്‍ കാരണം എന്താണെന്നല്ലേ?
ഡോറിസിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശി ഇനി ലുലു എന്ന എട്ട് വയസ്സുള്ള വളര്‍ത്തുപട്ടിയാണ്. മരിക്കുന്നതിന് മുമ്ബ് ഡോറിസ് എഴുതിയ വില്‍പത്രത്തില്‍ പറയുന്നത്, 5 മില്യണ്‍ ഡോളര്‍ അതായത് 36,29,55,250 കോടി ഇന്ത്യന്‍ രൂപ ലുലുവിനുള്ളതാണെന്നാണ്. ഒരു ട്രസ്റ്റിനാണ് ഡോറിസ് പണം നല്‍കിയിരിക്കുന്നത്. ലുലുവിനെ മരണം വരെ രാജകീയമായി നോക്കേണ്ട ഉത്തരവാദിത്തം ഈ ട്രസ്റ്റിനാണ്.

സുഹൃത്തായ മാര്‍ത്ത ബര്‍ട്ടന്റെ സംരക്ഷണയിലാണ് ഡോറിസ് നായയെ നല്‍കിയിരിക്കുന്നത്. ലുലുവിന് ആവശ്യമായ പ്രതിമാസ ചെലവുകള്‍ക്കായി ബര്‍ട്ടണ്‍ പണം നല്‍കുമെന്ന് വില്‍പത്രം പറയുന്നു. ഡോറിസിന് തന്റെ ജീവനേക്കാള്‍ പ്രിയങ്കരിയായിരുന്നു ലുലു എന്നാണ് ആത്മാര്‍ത്ഥ സുഹൃത്തായ ബര്‍ട്ടന്‍ പറയുന്നത്.

ടെന്നെസിയിലെ സമ്ബന്നരില്‍ ഒരാളായിരുന്നു ഡോറിസ്. അദ്ദേഹത്തിന്റെ സ്വത്ത് എത്രയുണ്ടെന്ന് ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. എങ്കിലും ബര്‍ട്ടന്‍ പറയുന്നത് പ്രകാരം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വലിയ പങ്ക് നിക്ഷേപം ഡോറിസിന്റെ പേരിലുണ്ടെന്നാണ്. ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിബിസി, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഏറെ പ്രാധാന്യത്തോടെയാണ് ലുലുവിന്റെയും ഡോറിസിന്റെയും വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ഏറെ സൂക്ഷ്മതയോടെയാണ് ഡോറിസ് വില്‍പത്രം തയ്യാറാക്കിയിരിക്കുന്നത്. ലുലുവിന്റെ പുതിയ ഉടമയ്ക്ക് തോന്നിയതുപോലെ പണം ചെലവഴിക്കാനാകില്ലെന്ന് വില്‍പത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. വില്‍പത്ര പ്രകാരം ബര്‍ട്ടന് മാസം കൃത്യമായ തുക എടുക്കാന്‍ മാത്രമേ അവകാശമുള്ളൂ.

ഒരു പട്ടിക്ക് വേണ്ടി എത്ര മാസം ചെലവാക്കിയാലും 36 കോടിയിലേറെ രൂപ എന്ത് ചെയ്യുമെന്നാണ് വാര്‍ത്ത കണ്ടവര്‍ ചോദിക്കുന്നത്.

വളര്‍ത്തുമൃഗത്തിന്റെ പേരില്‍ സ്വത്തും ഇഷ്ടദാനവും നല്‍കിയെന്ന വാര്‍ത്തകള്‍ ഇതിനു മുമ്ബും വന്നിട്ടുണ്ട്. എന്നാല്‍ ഇത്രയും ഭീമമായ തുക ഒരു പട്ടിയുടെ പേരില്‍ എഴുതിവെക്കുന്നത് അപൂര്‍വമാണ്.