ന്യൂദല്‍ഹി: നരേന്ദ്രമോദി നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ച്‌ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും കര്‍ഷകരുടെ നേട്ടങ്ങള്‍ക്കുള്ളതാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ചചെയ്യാന്‍ തയ്യാറായതാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ എത്തിയ നിതീഷ്‌കുമാര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇരുനേതാക്കളും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ശനിയാഴ്ച നടന്നത്.

‘കര്‍ഷകസമരത്തിന്‍റെ കാര്യത്തില്‍ ഞങ്ങള്‍ സര്‍ക്കാരിന്‍റെ കൂടെയാണ്. സമരമവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയുടെ പാതയില്‍ മുന്നേറിയതുമാണ്,’ അദ്ദേഹം പറഞ്ഞു. ഉടനെ ഒരു പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റിനെയും നിതീഷ്‌കുമാര്‍ അഭിനന്ദിച്ചു.