കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്ര‌ക്ക് സ്വീകരണം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടി. അഞ്ച്​​​ ഉദ്യോഗസ്​ഥരെയാണ്​ അന്വേഷണ വിധേയമായി സസ്​പെന്‍ഡ്​ ചെയ്​തത്​.

ഇവര്‍ എറണാകുളം ഡി.സി.സി ഓഫീസില്‍ എത്തി ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച്‌ രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയായിര​ുന്നു. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പമെടുത്ത ചിത്രങ്ങളും പുറത്തായതോടെയാണ്​ സംഭവം വിവാദമായത്​. സ്പെഷ്യല്‍ ബ്രാഞ്ചി‍ന്‍റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

എറണാകുളം ജില്ലയിലെ പൊലീസ് സംഘടന നേതാക്കന്മാരാണ് ഐശ്വര്യ കേരള യാത്രക്ക് അഭിവാദ്യം ചെയ്യാനെത്തിയത്. കണ്‍ട്രോള്‍ റൂം എ.എസ്‌.ഐ ഷിബു ചെറിയാന്‍, ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എ.എസ്‌.ഐമാരായ ജോസ് ആന്‍റണി, ബിജു സിവില്‍ പൊലീസ് ഓഫീസര്‍മാരായ സില്‍ജന്‍, ദിലീപ്, സദാനന്ദന്‍ എന്നിവരെയാണ്​ സസ്​പെന്‍ഡ്​ ചെയ്​തത്​.

കൊച്ചി സി‌റ്റി, എറണാകുളം റൂറല്‍ എന്നിവിടങ്ങളില്‍ ജോലി നോക്കുന്ന ഉദ്യോഗസ്ഥരാണിവര്‍. പൊലീസ് ചട്ടപ്രകാരം രാഷ്‌ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല. ഇത് ലംഘിച്ചതാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കാരണം.

ഐശ്വര്യ കേരള ജാഥ എറണാകുളത്ത് എത്തിയപ്പോഴായിരുന്നു സംഭവം.