പന്തളം : ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. കുംഭമാസം ഒന്നായ ഇന്ന് രാവിലെ 5 മണിയ്ക്ക് ക്ഷേത്രനട തുറന്നു. മഹാഗണപതി ഹോമം നടത്തിയ ശേഷം ആറ് മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം നടക്കും.

രാവിലെ 7.30 ന് ഉഷപൂജ, 7.45 ന് ബ്രഹ്മരക്ഷസ്സ് പൂജ, 12 മണിക്ക് 25 കലശാഭിഷേകം, കളഭാഭിഷേകം എന്നിങ്ങനെയുള്ള പൂജകളാണ് ഇന്ന് നടക്കുക. 12:30 ന് ഉച്ചപൂജ കഴിഞ്ഞ് ശേഷം 1 മണിക്ക് ക്ഷേത്രനട അടയ്ക്കും. വൈകുന്നേരം 5 മണിയ്ക്കാണ് നട വീണ്ടും തുറക്കുക. 6.30ന് ദീപാരാധനയും, 6.45 ന് പടിപൂജയും, 8.30 ന് അത്താഴ പൂജയും നടത്തും.

വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ടിക്കറ്റ് ലഭിച്ച അയ്യപ്പഭക്തര്‍ക്ക് മാത്രമെ കുംഭ മാസ പൂജാദിനങ്ങളില്‍ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ദിവസവും 5000 ഭക്തര്‍ക്കാണ് പ്രവേശനാനുമതി. 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊറോണ ആര്‍ ടി പി സിആര്‍/ ആര്‍ ടി ലാമ്ബ് /എക്സ്പേര്‍ട്സ് നാറ്റ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ നിര്‍ബന്ധമായും കൈയ്യില്‍ കരുതണമെന്നാണ് നിര്‍ദ്ദേശം.

പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് താമസ സൗകര്യവും ഉണ്ടാവില്ല. കൊറോണ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ക്ഷേത്ര ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ക്ക് സൗകര്യം ഒരുക്കുക.

കുംഭമാസ പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് ക്ഷേത്രനട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയാണ് ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്കുകള്‍ തെളിയിച്ചത്. ആദ്യദിനത്തില്‍ പൂജകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.