മുന്നണി മാറ്റത്തില്‍ നിന്ന് ദേശീയ നേതൃത്വം പിന്നോട്ട് പോയതോടെ പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങി മാണി സി കാപ്പന്‍. 6 ജില്ലാ കമ്മറ്റികളും 20 നിര്‍വാഹക സമിതി അംഗങ്ങളും ഒപ്പമുണ്ടെന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ അവകാശവാദം. മാണി സി കാപ്പന്‍ നാളെ രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും.

പാല സീറ്റിന്റെ കാര്യത്തില്‍ നടന്നത് അനീതിയാണെങ്കിലും ഇടത് മുന്നണിയില്‍ നിന്ന് വിട്ടുപോരേണ്ടതില്ലെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. പാല സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന ഇടത് നിലപാടില്‍ പ്രതിഷേധിച്ച്‌ മാണി സി കാപ്പന്‍ യുഡിഎഫിന്റെ ഭാഗമാകും. ഇതിനായി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും. നിലവില്‍ ആറ് ജില്ലാ കമ്മിറ്റികളുടെയും 20 നിര്‍വാഹക സമിതി അംഗങ്ങളുടെയും പിന്തുണ ഉണ്ടെന്നാണ് കാപ്പന്‍ വിഭാഗം അവകാശപ്പെടുന്നത്.

ഇന്ന് രാവിലെയോടെ കാപ്പന്‍ കൊച്ചിയിലെത്തും. നാളെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായിലേക്കെത്തുമ്ബോള്‍ മാണി സി കാപ്പനും ജാഥയില്‍ പങ്കെടുക്കും. ഇതിന് ശേഷമാകും പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ട് പോകുക.