കേന്ദ്ര സര്‍ക്കാര്‍ വിനോദസഞ്ചാര ഐക്കോണിക് കേന്ദ്രമായി പ്രഖ്യാപിച്ച കുമരകത്തിന്റെ സമഗ്രവികസനത്തിന് ആയിരം കോടി രൂപ അനുവദിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ലോക പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രങ്ങളായ ശബരിമല, ഭരണങ്ങാനം, മാന്നാനം എന്നിവയെയും ഈ പദ്ധതിയിലൂടെ ബന്ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴ ജില്ലയിലെ കടലോരങ്ങളെയും കുമരകത്തെ കായലോരത്തെയും തേക്കടി-മൂന്നാര്‍ മലയോര ടൂറിസം കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ബൃഹത്തായ ടൂറിസം പദ്ധതിയാണിത്. 2017ല്‍ കുമരകം ഉള്‍പ്പടെ ഇന്ത്യയിലെ പതിനേഴ് ടൂറിസ്റ്റ്‌കേന്ദ്രങ്ങള്‍ ഐക്കോണിക് ടൂറിസം ഡെസ്റ്റിനേഷനുകളായി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് പ്രഖ്യാപിച്ചിരുന്നുവെന്നും പദ്ധതിക്ക് എത്രയും വേഗം തുക അനുവദിക്കണമെന്നും ബജറ്റ് ചര്‍ച്ചയില്‍ തോമസ് ചാഴികാടന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടു.
ദേശീയപാത 66 -നെയും കോട്ടയം വഴി കടന്നുപോകുന്ന കൊല്ലം-തേനി ദേശീയപാത 183 -നെയും ബന്ധിപ്പിക്കുന്ന കോട്ടയം-കുമരകം-ചേര്‍ത്തല ടൂറിസ്റ്റ് ഹൈവേ നിര്‍മാണം, ജലപാതകളുടെ നവീകരണം ഉള്‍പ്പെടെ പൂര്‍ത്തിയാകുമ്ബോള്‍ ടൂറിസം മേഖലക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു.
പി‌എം‌ജി‌എസ്‌വൈ പദ്ധതി മാനദണ്ഡങ്ങളില്‍ കേരളത്തിന് ഇളവനുവദിക്കണം. പ്രത്യേകിച്ച്‌ ഗ്രാമീണ റോഡുകള്‍ ഏറ്റെടുക്കുന്നതിനുള്ള ഗ്രേഡിയന്റ് മാനദണ്ഡങ്ങള്‍ കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിന് അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി എയിംസ് ആശുപത്രി അനുവദിക്കണമെന്നും തോമസ് ചാഴികാടന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 22 എയിംസ് അനുവദിച്ചപ്പോഴും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുന്ന കേരളത്തെ അവഗണിച്ചുവെന്നും ചാഴികാടന്‍ പറഞ്ഞു.
പ്രകൃതി വാതകം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് പദ്ധതി കേരളത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കൂടി നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ജി.എസ് ടി ഓഡിറ്റ് പൂര്‍ണമായും ഒഴിവാക്കിയതും ടാക്‌സ് ഓഡിറ്റിന്റെ ടേണ്‍ഓവര്‍ പരിധി അഞ്ചു കോടിയില്‍ നിന്ന് പത്തു കോടിയായി ഉയര്‍ത്താനുള്ള നിര്‍ദേശവും ഖജനാവിന് വന്‍ സാമ്ബത്തിക നഷ്ടം വരുത്തുകയും കൂടുതല്‍ വ്യവഹാരങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. അതിനാല്‍ ടേണ്‍ഓവര്‍ പരിധി അഞ്ചു കോടിയായി നിലനിര്‍ത്തണമെന്നും തോമസ് ചാഴികാടന്‍ ബജറ്റ് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.