വാഷിംഗ്ടണ്‍: അമേരിക്കയില്‍ വ്യാപക നാശം വിതച്ച്‌ ഷെര്‍ലി ശീതക്കൊടുങ്കാറ്റ്. അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലാണ് അതിശക്തമായ ശീതക്കൊടുങ്കാറ്റ് വീശിയടിച്ചത്. ഇതേ തുടര്‍ന്ന് ഒറ്റ ദിവസം 300ഓളം വാഹനാപകടങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവിധയിടങ്ങളില്‍ ഉണ്ടായ അപകടത്തില്‍ 9 പേരാണ് മരിച്ചത്. 70ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടെക്‌സസ് ഫ്രീ വേയില്‍ ഇന്നലെ രാവിലെ മാത്രം 150ഓളം കാറുകളാണ് കൂട്ടിയിടിച്ചത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. കാറ്റിനൊപ്പം ശക്തമായ മഞ്ഞും ഐസും പെയ്യുന്നതാണ് അപകടങ്ങള്‍ക്ക് കാരണമായത്.
മഞ്ഞില്‍ നിയന്ത്രണം നഷ്ടപ്പെട്ട ട്രക്കിന് പുറകേ വന്ന കാറുകളാണ് കൂട്ടിയിടിച്ചത്. പ്രതികൂല കാലാവസ്ഥയില്‍ വാഹനങ്ങള്‍ അമിത വേഗത്തില്‍ സഞ്ചരിച്ചതും അപകടങ്ങള്‍ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍. ആകെയുണ്ടായ അപകടങ്ങളില്‍ 100ലധികം അപകടങ്ങളും ഗുരുതരമാണ്. ഷെര്‍ലി ശീതക്കൊടുങ്കാറ്റിന് പിന്നാലെ അമേരിക്കയില്‍ 1,200ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്.