കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പാവപ്പെട്ടവര്‍ക്കുവേണ്ടി നടപടികള്‍ സ്വീകരിച്ചിട്ടും കേന്ദ്രത്തെ നിരന്തരം കുറ്റപ്പെടുത്തുന്നത് മാത്രമായി പ്രതിപക്ഷത്തിന്റെ ജോലിയെന്നും ധനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
80 കോടി ആളുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും എട്ട് കോടി പേര്‍ക്ക് സൗജന്യ പാചകവാതകവും കര്‍ഷകര്‍, സ്ത്രീകള്‍ എന്നിവരുള്‍പ്പെടെ 40 കോടി പേര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ പണമായും നല്‍കിയതായി ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1.67 കോടി വീടുകള്‍ പൂര്‍ത്തിയായെന്നും ഇത് ധനികര്‍ക്കായാണോ നിര്‍മിച്ചതെന്നും ധനമന്ത്രി ചോദിച്ചു.
കോവിഡിന് ശേഷമുള്ള സമ്ബദ് വ്യവസ്ഥ ലോകമെമ്ബാടും പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തെ നേരിടാന്‍ ശക്തമായ ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് കേന്ദ്ര ബജറ്റെന്നും ധനമന്ത്രി പറഞ്ഞു. ഹ്രസ്വകാല പരിഹാരങ്ങള്‍ക്കൊപ്പം ദീര്‍ഘകാല സുസ്ഥിര വളര്‍ച്ചയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി.