കോഴിക്കോട്​: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍​ഗ്രസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട്​ പ്രതികരിച്ച്‌​ ബി.ജെ.പി നേതാവ്​ സന്ദീപ്​ വാര്യര്‍. മേജര്‍ രവിയെ വ്യക്​തിപരമായി അധിക്ഷേപിച്ചവര്‍ക്കൊപ്പം ചേര്‍ന്ന്​ അദ്ദേഹം പ്രവര്‍ത്തിക്കുന്നതിനെ സന്ദീപ്​ വാര്യര്‍ പരിഹസിച്ചു.
മേജര്‍ രവി ബി.ജെ.പി അംഗമായിരുന്നില്ലെന്നും ഒരു വിമുക്ത ഭടന്‍ എന്ന നിലയില്‍ മാത്രമാണ്​ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചിരുന്നതെന്നും സന്ദീപ്​ വാര്യര്‍ ഒരു സ്വകാര്യ ചാനലിനോട്​ പറഞ്ഞു. കാലങ്ങളായി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന്​ പ്രവര്‍ത്തിച്ചിരുന്ന മേജര്‍ രവിയുടെ പാര്‍ട്ടിമാറ്റം വലിയ ചര്‍ച്ചക്കാണ്​ വഴിവെച്ചിരിക്കുന്നത്​.
പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രാ വേദിയില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ് മേജര്‍ രവിയെ വേദിയില്‍ സ്വീകരിച്ചത്​. കഴിഞ്ഞ ദിവസം ആലുവയില്‍ വെച്ച്‌ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജര്‍ രവി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ മുല്ലപ്പള്ളി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.