അടുത്തിടെ ബിജെപിക്കെതിരെ സംവിധായകന്‍ മേജര്‍ രവി സ്വരമുയര്‍ത്തിയപ്പോള്‍ ബിജെപി ഒന്നുറപ്പിച്ചിരുന്നു, ഈ പോക്ക് അത്ര ശരിയല്ല എന്ന്. അവിശ്വസനീയമായ എന്തോ ഒന്ന് ഉടന്‍ തന്നെ സംഭവിക്കാന്‍ പോകുന്നുവെന്ന ഉള്‍വിളി ബിജെപി പ്രവര്‍ത്തകര്‍ക്കെല്ലാം ഉണ്ടായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു. മേജര്‍ രവി ബിജെപിയുമായി അകന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മേജര്‍ രവി ‘തങ്ങളുടേതെന്ന്’ കരുതിയവര്‍ക്കെല്ലാമുള്ള തിരിച്ചടി കൂടെയായിരുന്നു അത്.
കോണ്‍ഗ്രസ് വേദിയിലേക്കുള്ള മേജര്‍ രവിയുടെ അപ്രതീക്ഷിതമായ വരവ് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പെട്ടന്നുള്ള ഈ കൂടുമാറ്റത്തിന് കാരണമെന്തെന്ന അന്വേഷണത്തിലാണ് പലരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട ആരാധകനായ മേജര്‍ രവിയില്‍ നിന്നും ഇത്തരമൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നത് തന്നെയാണ് ഈ ഞെട്ടലിന്‍്റെ കാരണവും. മേജര്‍ രവിയുടെ ഈ നീക്കം അപ്രതീക്ഷിതമാണെന്നിരിക്കേ അതില്‍ അവിശ്വസിക്കാന്‍ തക്കതൊന്നും ഇല്ലെന്ന് വിശ്വസിക്കാനാണ് ബിജെപിക്കിഷ്ടം. വസ്തുത അതാണല്ലോ?. മേജര്‍ രവിയുടെ മുന്‍കാല പ്രവൃത്തികളും ഇതുതന്നെ സൂചിപ്പിക്കുന്നു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കായി പ്രചരണജാഥയിലും പ്രവര്‍ത്തനങ്ങളിലും മേജര്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍, ഇതിനുശേഷമാണ് മേജര്‍ ബിജെപിയില്‍ നിന്നുമകന്നത്. കേരളത്തിലെ ബിജെപിയിലെ തൊണ്ണൂറ് ശതമാനം നേതാക്കളും വിശ്വസിക്കാന്‍ കൊളളാത്തവരാണെന്ന പരസ്യപ്രഖ്യാപനവും അദ്ദേഹം നടത്തി. രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കള്‍, താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞുനോക്കുന്നില്ല എന്നൊക്കെയായിരുന്നു മേജറിന്‍്റെ പ്രധാന പരാതി. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കള്‍ക്കും ഉളളതെന്നായിരുന്നു മേജര്‍ രവി തുറന്നടിച്ച്‌ പറഞ്ഞത്. ഇതേ വാക്കുകള്‍ ഇന്ന് മേജറിന് തന്നെ തലവേദനയാവുകയാണ്. ‘തനിക്കൊന്നും കിട്ടാത്തത് കൊണ്ടാകും’ ഈ കൂടുമാറ്റമെന്ന ആരോപണവും അദ്ദേഹത്തിന് നേരെ ഉയരുന്നുണ്ട്.
മുന്‍പും അദ്ദേഹം കൂടുവിട്ട് കൂടുമാറുന്ന കലാവിരുത് നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വേദിയായിരുന്നു ഇതിനായി അദ്ദേഹം തിരഞ്ഞെടുത്തത്. ‘വേദിയിലും സദസിലുമിരിക്കുന്ന ബഹുമാന്യരേ സഖാക്കളെ…’ എന്നായിരുന്നു അന്ന് മേജര്‍ സദസിലിരുന്നവരെ അഭിസംബോധന ചെയ്തത്. അന്ന് പറഞ്ഞത് ഇങ്ങനെ: ഒരു രാജ്യസഭാ എം പിക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് രാജീവ്. അദ്ദേഹത്തെ വിജയിപ്പിക്കണം. രാജീവില്‍ വിശ്വാസമുണ്ടെന്നും അടുത്ത ആത്മബന്ധമാണുള്ളതെന്നുമെല്ലാം മേജര്‍ തട്ടിവിട്ടിരുന്നു. എന്നാല്‍, അതൊക്കെ വെറുതേയാണെന്ന് ഇന്നത്തെ ചിത്രങ്ങള്‍ കണ്ടാലറിയാം. രാജീവിനെ തോല്‍പ്പിച്ച ഹൈബി ഈഡന്‍്റെ തൊട്ടരികിലിരുന്ന് കുശലം ചോദിക്കുന്ന മേജറിന്‍്റെ ചിത്രങ്ങളും വൈറലാവുകയാണ്.
പ്രതിപക്ഷ നേതാവിന് പിന്തുണ നല്‍കി ഐശ്വര്യ കേരളയുടെ വേദിയില്‍ വെച്ച്‌ മേജര്‍ സര്‍ക്കാരിനിട്ട് രണ്ട് കൊട്ട് കൊട്ടിയപ്പോള്‍ യുഡിഎഫ് നേതാക്കള്‍ ഹാപ്പിയായി. ശബരിമല സമരത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ എഴുതിത്തള്ളണം, പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കണം എന്നിങ്ങനെ രണ്ട് ആവശ്യങ്ങളാണ് മേജര്‍ ചെന്നിത്തലയോടും യു ഡി എഫിനോടും ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഞാന്‍ ഹിന്ദുമത വിശ്വാസിയാണ്. അതുകൊണ്ട് ക്രിസ്ത്യാനിയോടോ, മുസ്ലീമിനോടോ അവരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന രീതിയില്‍ പെരുമാറില്ല. പ്രളയ കാലത്ത് മുസ്ലീം പള്ളിയില്‍ വച്ചാണ് എനിക്ക് അശരണരെ സഹായിക്കാന്‍ കഴിഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും’ മേജര്‍ രവി പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കുകയും കോണ്‍ഗ്രസിനെ പുകഴ്ത്തുകയും ചെയ്തതോടെ മേജര്‍ രവിക്ക് ഒരു സീറ്റ് നല്‍കിയാലോ എന്ന ആലോചനയും കോണ്‍ഗ്രസ് ക്യാമ്ബിനുള്ളില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ടിക്കറ്റില്‍ മേജര്‍ രവി നിയമസഭയിലേക്ക് അങ്കത്തിനൊരുങ്ങുമെന്ന പ്രചരണങ്ങള്‍ക്കും ഇന്നത്തെ സംഗമം വഴിയൊരുക്കി കഴിഞ്ഞു.