തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മുന്നില്‍ കണ്ട് തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. യോഗത്തിന് അജണ്ടാ കുറിപ്പുകള്‍ സമര്‍പ്പിക്കേണ്ട വകുപ്പുകളിലെ സെക്ഷനുകള്‍ക്ക് അവധി ദിവസങ്ങളായ ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവൃത്തി ദിനമാക്കി. 10 വര്‍ഷം പൂര്‍ത്തിയായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന നിര്‍ദേശം നടപ്പാക്കുകയാണ് മന്ത്രിസഭായോഗത്തിന്റെ പ്രധാന അജണ്ട.
കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ പല വകുപ്പുകളിലേയും 10 വര്‍ഷം കഴിഞ്ഞ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്ഥിരപ്പെടുത്തേണ്ടവരുടെ ലിസ്റ്റടക്കമുള്ള വിവരങ്ങള്‍ കഴിഞ്ഞ യോഗത്തില്‍ പല കോര്‍പറേഷനുകളും വകുപ്പുകളും നല്‍കാതെ വന്നതോടെ ഇതിന് കഴിഞ്ഞില്ല.
സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ തയാറാകാത്ത പല വകുപ്പു മേധാവികള്‍ക്കും മുഖ്യമന്ത്രിയുടെ ശാസന കേള്‍ക്കേണ്ടി വന്നു. എന്തുകൊണ്ടാണിതു നല്‍കാത്തതെന്ന വിശദീകരണവും മുഖ്യമന്ത്രി തേടിയിരുന്നു.
ഇതിനു പിന്നാലെയാണ് സ്ഥിരപ്പെടുത്തേണ്ടവരുടെ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ മന്ത്രിസഭായോഗത്തിനു മുന്നില്‍ വയ്ക്കാനായി ബന്ധപ്പെട്ട വകുപ്പുകളിലെ സെക്രട്ടറിമാര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവധി ദിവസങ്ങള്‍ പ്രവൃത്തിദിനമാക്കി ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ഉത്തരവിറക്കിയത്.
മാര്‍ച്ച് ആദ്യവാരം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തീയതി പ്രഖ്യാപനം വരുന്നതോടെ പെരുമാറ്റചട്ടം നിലവില്‍ വരും. പിന്നീടുണ്ടാകുന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് കമ്മീഷന്റെ അംഗീകാരം വേണ്ടിവരും. ഇതു മുന്നില്‍ കണ്ടാണ് ധൃതിപിടിച്ചുള്ള നടപടികള്‍.