ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. അഖിലേഷ് നിഷാദ് എന്ന യുവാവാണ് വിവാഹേതരബന്ധം ചോദ്യം ചെയ്ത ഭാര്യയെ ജീവനോടെ കത്തിച്ചത്. അഖിലേഷ് ഭാര്യ അഞ്ജലി(24)യെ മെഡിക്കല്‍ ചെക്കപ്പിനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോകുകയും അലംനഗറിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.

അഞ്ജലിയെ ഇഷ്ടിക ഉപയോഗിച്ച്‌ അടിച്ചു വീഴ്ത്തിയ ശേഷം അഖിലേഷ് കത്തുന്ന ദ്രാവകമൊഴിച്ച്‌ തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്ത ദിവസം കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്ക്കളാല്‍ ചുറ്റപ്പെട്ട നിലയില്‍ പ്രദേശവാസികളാണ് കണ്ടെത്തിയത്. കൊല്ലപ്പെടുമ്ബോള്‍ അഞ്ജലി ഒന്‍പതുമാസം ഗര്‍ഭിണിയായിരുന്നു. അഖിലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുളളതായി പിതാവ് രാം ഗുലാമ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അഖിലേഷിന്റെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ അഞ്ജലിയെ മകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും രാം വെളിപ്പെടുത്തി.