രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പൂര്‍ണ്ണമായും അവസാനിച്ച ശേഷം പൗരത്വ നിയമഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം കോവിഡ് മുക്തമാകുന്നതോടെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. പാര്‍ലമെന്റിന്റെ നിയമമാണ് പൗരത്വ ഭേദഗതി. അതിനെ പ്രതിരോധിക്കാന്‍ ആര്‍ക്കുമാകില്ല. ആര്‍ക്കും അതിനുള്ള അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമ ബംഗാളിലെ താക്കൂര്‍നഗറില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച റാലിക്കിടെയാണ് അമിത് ഷായുടെ പ്രതികരണം. നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമത പറയുമെന്നും എന്നാല്‍ ഇത് ബിജെപി കൊണ്ടുവന്ന നിയമമാണെന്നും അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. നിയമം പാസാക്കി ആറ് മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നതാണ് രീതിയെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഇത് മൂന്ന് മാസം കൂടി നീട്ടിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാമത് നീട്ടിയെടുത്ത സമയത്തിന്റെ കാലാവധി 2021 ജനുവരി മധ്യത്തോടെ അവസാനിച്ചിരുന്നു. ഇതോടെ വീണ്ടും കേന്ദ്രത്തിന് സമയം നീട്ടി നല്‍കി.