കൊല്ലം: ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാല്‍ ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടിയത് അഭിമാനകരമാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനവും ഡോ വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ദാനവും കൊല്ലം സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍. ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ കെ രാജു ഓണ്‍ലൈനായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡയറി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് നടപ്പാക്കുന്ന കര്‍ഷക ക്ഷേമ പദ്ധതികളിലൂടെ പെന്‍ഷന്‍ നല്‍കുന്നത് എടുത്തുപറയേണ്ടതാണ്.

പ്രളയവും കോവിഡും അതിജീവിച്ചാണ് കേരളം പാലുല്പാദനത്തില്‍ നേട്ടമുണ്ടാക്കിയത്. ഇത് ചാരിതാര്‍ത്ഥ്യമുളവാക്കുന്ന നിമിഷങ്ങളാണെന്ന് അറിയിച്ച ഗവര്‍ണര്‍ ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിക്കണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോട് പറഞ്ഞു. യുവാക്കള്‍ ക്ഷീര രംഗത്തേക്ക് കടന്നുവരട്ടെയെന്നും സംഗമം പുത്തന്‍ ആശയങ്ങള്‍ പങ്കിടുന്ന വേദി ആകട്ടെ എന്നും ഗവര്‍ണര്‍ ആശംസിച്ചു. ഡോ വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് ദാനവും ചടങ്ങില്‍ ഗവര്‍ണര്‍ നിര്‍വഹിച്ചു.

പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന പാല്‍, പൊടി ആക്കാന്‍ മലപ്പുറം മൂര്‍ക്കനാട് തുടങ്ങിയ പാല്‍പ്പൊടി യൂണിറ്റ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമാകുമെന്ന് മന്ത്രി കെ രാജു അറിയിച്ചു. കാലിത്തീറ്റ ആക്‌ട് നിര്‍മാണത്തിന് പ്രാരംഭ നടപടികളായ കാര്യവും മന്ത്രി പറഞ്ഞു.
ലോകത്തിന് മാതൃകയായ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് ഡോ വര്‍ഗീസ് കുര്യന്‍ എന്നും കേരളത്തില്‍ മാന്യമായ തുകയാണ് ക്ഷീരകര്‍ഷകര്‍ക്ക് പ്രതിലിറ്റര്‍ പാലിന് ലഭിക്കുന്നതെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

മേയര്‍ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എം എല്‍ എ, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ എന്‍ രാജന്‍, കെ സി എം എഫ്-മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ രണ്ട് വേദികളിലായി നടക്കുന്ന ക്ഷീരസംഗമം ഫെബ്രുവരി 13 ന് അവസാനിക്കും.