കോട്ടയം | വിതുര പീഡന കേസിലെ ഒന്നാം പ്രതി കൊല്ലം കടക്കല്‍ സ്വദേശി ജുബൈന മന്‍സിലില്‍ സുരേഷിനുള്ള ശിക്ഷ ഇന്ന ് കോടതി വിധിക്കും. സുരേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട 24 കേസുകളില്‍ ഒന്നിലായിരുന്നു കോടതി ഇന്നലെ സുരേഷ് കുറ്റക്കാരനാണെന്ന വിധി പുറപ്പെടുവിച്ചത്. ബലാത്സംഗം ഒഴികെയുള്ള കേസാണ് കോടതി പരിഗണിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിക്കല്‍, മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യല്‍, അനാശാസ്യ പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകളിലാണ് സുരേഷ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്
1995 ല്‍ നടന്ന വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. ബലാത്സംഗം ഉള്‍പ്പെടെ 23 കേസുകളില്‍ കൂടെ സുരേഷ് വിചാരണ നേരിടണം.
കേസില്‍ പോലീസ് പ്രതി ചേര്‍ത്തതിന് പിന്നാലെ ഒളിവില്‍ പോയ സുരേഷിനെ 18 വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ നിന്നാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. 1995 ഒക്ടോബര്‍ മുതല്‍ 1996 ജൂലൈ വരെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ അവസരമൊരുക്കി എന്നതാണ് കേസ്.