മുംബൈ: ഐ.പി.എല്‍ താരലേലത്തിലേക്കുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ശ്രീശാന്തിന്റെ പേരില്ല. ബി.സി.സി.ഐ പുറത്തുവിട്ട 292 പേരുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ നിന്നാണ് ശ്രീയെ പരിഗണിക്കാതിരുന്നത്. 2021 സീസണിലേക്കുള്ള താരലേലത്തിലേക്ക് ഷോര്‍ട്ട് ലിസ്റ്റിലുള്ള പേരുകളാണ് പരിഗണിക്കുക.

അതേസമയം ഷോര്‍ട്ട് ലിസ്റ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയും ഉള്‍പ്പെട്ടു. അര്‍ജുന് 20 ലക്ഷവും പൂജാരയ്ക്ക് 50 ലക്ഷവുമാണ് അടിസ്ഥാന വില.

2013ലായിരുന്നു ശ്രീ അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. അന്നു രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയാണ് ഒത്തുകളി സംശയത്തിന്റെ പേരില്‍ അദ്ദേഹത്തിന് അറസ്റ്റും വിലക്കും നേരിടേണ്ടിവന്നത്.
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിനു വേണ്ടി കളിച്ചായിരുന്നു പേസറുടെ മടങ്ങിവരവ്. എന്നാല്‍ പ്രതീക്ഷിക്കൊത്ത പ്രകടനം നടത്താന്‍ ശ്രീയ്ക്കായിരുന്നില്ല.

ഐ.പി.എല്ലില്‍ 44 കളികളില്‍ നിന്ന് 40 വിക്കറ്റാണ് ശ്രീശാന്തിന്റെ സമ്പാദ്യം.