നീണ്ട ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരുടെ പ്രിയ നടി ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ ശെല്‍വത്തിലൂടെയാണ് ശാലിനി വീണ്ടും വെള്ളിത്തിരയില്‍ സജീവമാകാനൊരുങ്ങുന്നത്.

22 വര്‍ഷത്തിന് ശേഷമാണ് ശാലിനി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. നടന്‍ മാധവന്റേയും സംവിധായകന്‍ മണിരത്‌നത്തിന്റെയും നിരന്തര അഭ്യര്‍ത്ഥന പ്രകാരമാണ് ശാലിനിയുടെ തിരിച്ചുവരവ്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ശാലിനി. 2000 ലായിരുന്നു ഇരുവരുടെയും വിവാഹം.

ബാലതാരമായി സിനിമരംഗത്ത് അരങ്ങേറ്റം കുറിച്ച ശാലിനി അമ്ബതിലധികം സിനിമകളില്‍ മികച്ചപ്രകടനം കാഴ്ചവെച്ചിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍-ശാലിനി ചിത്രം അനിയത്തി പ്രാവാണ് താരത്തിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്.

മണിരത്നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാതെ വര വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.

കല്‍കി കൃഷ്ണമൂര്‍ത്തിയുടെ കൃതിയെ ആധാരമാക്കിയുള്ള ചിത്രമാണ് മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വം. ഐശ്വര്യ റായി ബച്ചന്‍, വിക്രം, കാര്‍ത്തി, ജയറാം, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ജയം രവി, റഹ്മാന്‍, കിഷോര്‍, റിയാസ് ഖാന്‍, ലാല്‍, ശരത്കുമാര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എ.ആര്‍ റഹ്മാനാണ് സംഗീതം.