പ്രധാനമന്ത്രി നരേന്ദ്രമോദി നാല് പേരെ വച്ചാണ് രാജ്യത്തിന്‍റെ ഭരണം നടത്തുന്നതെന്ന് പരിഹസിച്ച്‌ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന തത്വത്തിലാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ജിഎസ്‍ടി, നോട്ട് നിരോധനം, ലോക്ക്ഡൗണ്‍, കര്‍ഷകനിയമങ്ങള്‍ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് നരേന്ദ്രമോദി എടുത്തതെന്നും രാഹുല്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
”കുടുംബാസൂത്രണകാലത്ത് നമ്മുടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു, നാം രണ്ട് നമുക്ക് രണ്ട്. അത് പോലെയാണ് ഇവിടെയും കാര്യങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍ ആ മുദ്രാവാക്യത്തിന് പുതിയൊരു അര്‍ത്ഥം കണ്ടുപിടിച്ചിരിക്കുകയാണ്. നാല് പേരെക്കൊണ്ടാണ് മോദി ഈ രാജ്യം ഓടിക്കുന്നത്.” രാഹുല്‍ ഗാന്ധി പറഞ്ഞു. ആരെയും പേരെടുത്ത് വിമര്‍ശിക്കാത്ത പരാമര്‍ശത്തില്‍, ‘എല്ലാവര്‍ക്കും അവരെ അറിയാമല്ലോ’ എന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പ്രത്യക്ഷത്തിലുള്ളത് പോലെയല്ല, കര്‍ഷക സമരം രാജ്യത്തെ അനേകലക്ഷം പേരുടെ ജീവിക്കാനുള്ള സമരമാണെന്നും അത് നയിക്കുന്നത് കര്‍ഷകരാണ് എന്നുമാത്രമാണെന്നും രാഹുല്‍ പറഞ്ഞു. ”ഇന്ത്യയുടെ നട്ടെല്ലാണ് കര്‍ഷകര്‍. അത് തകര്‍ക്കപ്പെട്ടാല്‍ നാം രണ്ട്, നമുക്ക് രണ്ട് എന്ന മുദ്രാവാക്യമാണ് നടപ്പാകുന്നത്”, ബിജെപി അംഗങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും മുദ്രാവാക്യം വിളികള്‍ക്കുമിടയില്‍ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.