തിരുവനന്തപുരം : ആരോഗ്യ വകുപ്പിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സംസ്ഥാനസര്‍ക്കാര്‍. കേരള ഹെല്‍ത്ത് റിസര്‍ച്ച്‌ വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ 10 വര്‍ഷമായി ജോലി ചെയ്യുന്ന 150ലേറെ താത്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താനൊരുങ്ങുന്നത്.
10 വര്‍ഷം സര്‍വീസുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച്‌ ഗവേണിംഗ് ബോഡി കഴിഞ്ഞ ദിവസം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരപ്പെടുത്താനുള്ളവരുടെ വിവരങ്ങളടങ്ങിയ ഫയല്‍ ആരോഗ്യവകുപ്പില്‍ നിന്ന് നിയമ വകുപ്പിലേക്ക് പോയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്ബ് ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കേരളാ ബാങ്കിലും നീക്കം നടക്കുന്നുണ്ട്.
അതേസമയം, സെക്രട്ടറിയേറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ സമരം തുടരുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് അതിനോട് മുഖം തിരിക്കാനാണ് സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചത്. എന്നാല്‍ സമരം ശക്തമാക്കാന്‍ തന്നെയാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. നിലവില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്, സിവില്‍ പോലീസ് ഓഫീസര്‍ എന്നീ റാങ്ക് പട്ടികയില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുറമേ അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ശമ്ബളം നിഷേധിച്ച അദ്ധ്യാപകരും സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ പ്രതിഷേധ സമരത്തിലാണ് .