തിരുവനന്തപുരം: തിരുമല തൃക്കണ്ണാപുരം റോഡ് വികസനത്തിന് 72 കോടി രൂപ ചെലവഴിച്ചിട്ടും സര്‍ക്കാരും സിപിഎം പക്ഷക്കാരായ ഉദ്യോഗസ്ഥരും റോഡ് വികസനം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധം കടുപ്പിച്ച്‌ ബിജെപി. ഒ.രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തിരുമല പുത്തന്‍കടയില്‍ ഏകദിന സത്യാഗ്രഹ സമരം ആരംഭിച്ചു. ഇന്നു രാവിലെ 10 ന് ആരംഭിച്ച സമരം നാളെ 10 ന് സമാപിക്കും
പത്ത് വര്‍ഷമായി മുടങ്ങിക്കിടന്ന റോഡ് വികസനത്തിനാണ് രാജഗോപാല്‍ വിജയിച്ചതോടെ എംഎല്‍എ ഫണ്ടില്‍ നിന്നും പണം നല്‍കിയത്. എന്നിട്ടും റവന്യൂ, കെഎസ്‌ഇബി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ കൂട്ടുകെട്ടില്‍ നിര്‍മ്മാണം സ്തംഭനാവസ്ഥയിലായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഏകദിന സമരം ഉദ്ഘാടനം ചെയ്തു. ബിജെപിയുടെ എംഎല്‍എ ആയതു കൊണ്ടാണ് സര്‍ക്കാര്‍ നേമത്തിന്റെ വികസനത്തിന് തുരങ്കംവെക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വികസനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ പോലെ നിലപാട് എടുത്തെങ്കില്‍ എന്താവും അവസ്ഥയെന്ന് പിണറായി ആലോചിക്കണം. കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ സഹായം ചെയ്യുന്നത് മോദി സര്‍ക്കാരാണ്. രാഷ്ട്രീയം നോക്കിയാണ് ബിജെപി പെരുമാറിയതെങ്കില്‍ കേരളത്തിന് ദേശീയപാത വികസനത്തിന് 65,000 കോടി രൂപ കേന്ദ്രം അനുവദിക്കില്ലായിരുന്നു. കേന്ദ്രത്തിന്റെ സഹായത്തെ പറ്റി പിണറായിക്കും സുധാകരനും വരെ സമ്മതിക്കേണ്ടി വന്നു. വികസന കാര്യത്തില്‍ ബിജെപി രാഷ്ട്രീയം നോക്കാറില്ല. അഞ്ചുവര്‍ഷക്കാലം ഒ.രാജഗോപാല്‍ നടപ്പിലാക്കിയ വികസന കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിജെപി നേമത്ത് തെരഞ്ഞെടുപ്പ് നേരിടുന്നത്. ധൈര്യമുണ്ടെങ്കില്‍ ഇടതുവലതു മുന്നണികള്‍ ബിജെപിക്കെതിരെ ഒരുമിച്ച്‌ മത്സരിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
വിദേശത്തുപോയി കൂടുതല്‍ പലിശയ്ക്ക് പണം വാങ്ങി അത് കൊള്ളയടിച്ച്‌ ജനങ്ങളെ ജാമ്യം വെക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അതുകൊണ്ടാണ് സിഎജിക്കെതിരെ പ്രമേയം പാസാക്കേണ്ടി വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നത് കൊണ്ടാണ് ശിവന്‍കുട്ടിക്ക് വര്‍ഗീയത ഇളക്കി വിടേണ്ടി വരുന്നത്. നേമം മണ്ഡലത്തിലെ വികസനം പരമാവധി മുടക്കാന്‍ മുന്‍ എംഎല്‍എ ശിവന്‍കുട്ടിയും കിണഞ്ഞ് ശ്രമിക്കുന്നുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി അദ്ധ്യക്ഷത വഹിച്ചു.