തിരുവനന്തപുരം: പേന വാങ്ങലിലും ധൂര്‍ത്തുമായി പിണറായി വിജയന്‍ സര്‍ക്കാര്‍. സിപിഎം നിയന്ത്രണത്തിലുള്ള സൊസെറ്റിയില്‍ നിന്ന് സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് പേന വാങ്ങാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 72,500 രൂപ. ഈ തുക അനുവദിച്ച്‌ കഴിഞ്ഞ ദിവസം പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയതോടെയാണ് സംഭവം വിവാദത്തിലായത്.
സി.പിഎം നേരിട്ട് നിയന്ത്രിക്കുന്ന സെക്രട്ടേറിയേറ്റ് സ്റ്റാഫ് കോ- ഓപ്പറേറ്റീവ് സൊസെറ്റിയില്‍ നിന്നാണ് സര്‍ക്കാര്‍ പേനകള്‍ വാങ്ങിയത്. എന്നാല്‍, പൊതുവിപണിയില്‍ നിന്നും ഇതിന്റെ നാലില്‍ ഒന്നു തുകയ്ക്ക് പേനകള്‍ വാങ്ങാം. ഇത് അവഗണിച്ചാണ് സര്‍ക്കാര്‍ സിപിഎം സൊസൈറ്റിക്ക് വേണ്ടി ധൂര്‍ത്ത് നടത്തിയത്.
പുതുവത്സരത്തില്‍ സാമൂഹ്യനേതാക്കള്‍ക്ക് സമ്മാനിച്ച സര്‍ക്കാര്‍ ഡയറിയോട് ഒപ്പം അയച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് വലിയ തുക ചെലവഴിച്ച്‌ പേന വാങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിവിധ മത-സാമൂഹ്യ സംഘടനാ നേതാക്കളുമായി ഈയിടെ ആശയവിനിമയം നടത്തിയിരുന്നു.
സംസ്ഥാനത്തെ സാമൂഹ്യ സംഘടനാ ഭാരവാഹികള്‍ക്ക് പുതുവത്സരത്തില്‍ സര്‍ക്കാര്‍ ഡയറിയോടൊപ്പം അയച്ചുകൊടുക്കുന്നതിന് പേന വാങ്ങിയതിലാണ് ഈ തുക അനുവദിച്ചതെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷൈന്‍ എ ഹഖ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.