ദില്ലി അതിര്‍ത്തികള്‍ തമ്ബടിച്ചിരിക്കുന്ന കര്‍ഷകര്‍ ദീര്‍ഘകാല സമരത്തിന് ഒരുങ്ങുന്നു. അവശ്യവസ്തുക്കള്‍ വാങ്ങിക്കൂട്ടുകയാണ് സമരക്കാര്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നുണ്ട്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും ബിജെപിയും വ്യക്തമാക്കിയിരിക്കെയാണ് സമരക്കാര്‍ ദീര്‍ഘകാലത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ ആവര്‍ത്തിക്കുന്നു.
മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുകയും ന്യായവില സമ്ബ്രദായത്തിനുള്ള നിയമപിന്‍ബലം നീട്ടുകയും ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. ആശയവിനിമയത്തിനുള്ള സൗകര്യങ്ങളും തങ്ങള്‍ ശക്തിപ്പെടുത്തുകയാണെന്ന് സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന ദീപ് ഖത്രി പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറുകളുള്ള 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയാണ്. സമര വേദിയിലും സമരക്കാര്‍ തമ്ബടിച്ചിരിക്കുന്ന പ്രധാന ഇടങ്ങളിലും സിസിടിവി സ്ഥാപിക്കുന്നുണ്ട്. പ്രധാന വേദിക്ക് പിന്നിലായി കണ്‍ട്രോള്‍ റൂം ഒരുക്കി.എല്ലാ ദിവസവും നിരവധി പേരാണ് സമര ഭൂമിയിലെത്തുന്നത്. പലരും സമരക്കാര്‍ക്കൊപ്പം ഇരിക്കുന്നു. ചിലര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മടങ്ങുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷ ശക്തമാക്കുന്നത്. സമര ഭൂമിയില്‍ 600 വോളണ്ടിയര്‍മാരെ വിന്യസിച്ചിട്ടുണ്ട്. രാത്രിയില്‍ പട്രോളിങ് നടത്തുന്നതിനും ട്രാഫിക് നിയന്ത്രിക്കുന്നതിനുമുള്ള ചുമതലയാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. പച്ച ജാക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും വോളണ്ടിയേഴ്‌സിന് നല്‍കിയിട്ടുണ്ട്.10 ഇടങ്ങളില്‍ വലിയ എല്‍സിഡി സ്‌ക്രീനുകള്‍ സ്ഥാപിക്കുകയാണ്. 800 മീറ്റര്‍ ഇടവിട്ടാണ് ഓരോ സ്‌ക്രീനും. സമരക്കാര്‍ക്ക് പ്രധാന വേദിയിലെ പരിപാടികളും പ്രസംഗങ്ങളും വീക്ഷിക്കുന്നതിനാണിത്. ആംബുലന്‍സുകളും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനം ഇടയ്ക്ക് സര്‍ക്കാര്‍ തടയുകയാണ്. ഇത് മറികടക്കാന്‍ പ്രത്യേക ഒപ്റ്റിക്കല്‍ ഫൈബര്‍ ലൈന്‍ ഒരുക്കാനും പദ്ധതിയുണ്ട്. ഫാനുകളും എസികളും ഘടിപ്പിക്കുന്നത് തുടരുകയാണ്. വേനല്‍ കനക്കുന്ന സാഹചര്യം മുന്‍കൂട്ടി കണ്ടാണിത്.