ലഡാക്ക്: ഗാല്‍വാന്‍ താഴ് വരയില്‍ ജൂണില്‍ നടന്ന സംഘര്‍ഷത്തില്‍ 45 ചൈനീസ് പട്ടാളക്കാര്‍ മരിച്ചെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടി.എ.എസ്.എസ്.ആയുധങ്ങളില്ലാതെ ഇരുസൈന്യവും നടത്തിയ ഏറ്റുമുട്ടലില്‍ 20തോളം ഇന്ത്യന്‍ ജവാന്മാര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ ലഡാക്കില്‍ നിന്ന്സൈനികര്‍ പിന്‍മാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ചൈന ബുധനാഴ്ച അറിയിച്ചിരുന്നു, ഇതിനു പിന്നാലെയാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി വിവരം പുറത്തുവിട്ടത്. അക്രമം നടന്ന സമയത്ത് 40 ചൈനീസ് ഭടന്‍മാര്‍ കൊല്ലപ്പെട്ടെന്ന്, അമേരിക്കന്‍ രഹസ്വാന്വേഷണ ഏജന്‍സിയെ ഉള്‍പ്പെടെ ഉദ്ദരിച്ച്‌ ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെനന്നായിരുന്നു ചൈനയുടെ പ്രതികരണം. കഴിഞ്ഞ മെയിലും ജൂണിലും രണ്ട് സൈന്യവും ഗാല്‍വാനില്‍ ഏറ്റുമുട്ടിയിരുന്നെന്ന് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്നിട്ട് ഒന്‍പത് മാസം പിന്നിട്ടിട്ടും എത്ര സൈനികര്‍ കൊല്ലപ്പെട്ടു എന്ന വിവരം ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, 20 സൈനികര്‍ വീരമൃത്യുവരിച്ചെന്ന് ഇന്ത്യന്‍ ആര്‍മി വ്യക്തമാക്കിയിരുന്നു.